പാലക്കാട്: പാലക്കാട് ജില്ലയിൽ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. വീടുകൾ മരം വീണ് തകർന്ന് ആളുകളെ നിസാര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പറളി ഓടന്നൂർ കോസ് വേയിൽ വെള്ളം കയറിയതിനാൽ ഗതാഗത നിയന്ത്രണം ഏ൪പ്പെടുത്തിയിട്ടുണ്ട്. പാലക്കാട് അട്ടപ്പാടി താവളം മുള്ളി റോഡിൽ വൈദ്യുതി തൂൺ കടപുഴകി വീണും ഗതാഗത തടസ്സമുണ്ടായി. മംഗലാംഡാം ചിറ്റടിയിൽ റോഡിന് കുറുകെ മരം വീണും ഗതാഗതം തടസ്സപ്പെട്ടു.
ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി തൂണുകളും ലൈനുകളും പൊട്ടിയതോടെ മണ്ണാ൪ക്കാട്, അലനല്ലൂ൪, അഗളി സബ് സ്റ്റേഷൻ പരിധിയിൽ വൈദ്യുതി ബന്ധം പൂ൪ണമായും വിച്ഛേദിച്ചു. വൈദ്യുതി പുന:സ്ഥാപിക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്ന് കെഎസ്ഇബി അറിയിച്ചിട്ടുണ്ട്.
ആളിയാർ ഡാമിലെ 11 ഷട്ടറുകളും 12 സെൻറീമീറ്റർ വീതം ഉയർത്തി. ചിറ്റൂർപുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം. ശിരുവാണി ഡാം സ്ലൂയിസ് ഷട്ട൪ പത്ത് സെൻറീ മീറ്റ൪ ഉയ൪ത്തി. ശിരുവാണി പുഴ, ഭവാനി പുഴ തീരത്ത് ജാഗ്രത നി൪ദേശം. വൈകീട്ട് അഞ്ചുവരെ 100 സെൻറീമീറ്റ൪ വരെ ക്രമാതീതമായി ഉയ൪ത്തും. പറമ്പിക്കുളം ഡാമിൻറെ മൂന്ന് സ്പിൽവേ ഷട്ടറുകൾ 10 സെൻ്റീമീറ്റർ വീതം ഉയർത്തി. നിലവിൽ സെക്കൻഡിൽ 1191 ഘനയടി വെള്ളമാണ് ഡാമിൽ നിന്ന് പുറത്തേക്ക് ഒഴുക്കിവിടുന്നത്.