തൃശൂര്‍: തൃശൂര്‍പൂരം അലങ്കോലമാക്കിയതുമായി ബന്ധപ്പെട്ട ഗൂഢാലോചന ആരോപണത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പൊലീസ് ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തി. എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് വെച്ച് അതീവ രഹസ്യമായിട്ടാണ് ചോദ്യം ചെയ്യല്‍ നടന്നത്. പൂരം അലങ്കോലപ്പെട്ടതില്‍ ആദ്യമായാണ് സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തുന്നത്.
പൂരം ചടങ്ങുകള്‍ അലങ്കോലമായതിന്റെ പേരില്‍ തിരുവമ്പാടി വിഭാഗം പൂരം നിര്‍ത്തിവെച്ചതിനു പിന്നാലെ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമവുമായി സുരേഷ് ഗോപി ആംബുലന്‍സില്‍ വന്നിറങ്ങിയതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. മറ്റുവാഹനങ്ങള്‍ക്ക് പ്രവേശനമില്ലാതെ അടച്ചിട്ട മേഖലയിലേക്ക് ആംബുലന്‍സില്‍ സുരേഷ് ഗോപിയെ എത്തിച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. സേവാഭാരതിയുടെ ആംബൂലന്‍സിലായിരുന്നു സുരേഷ് ഗോപി എത്തിയത്.
സ്ഥലത്ത് ആദ്യം എത്തിയതും സുരേഷ് ഗോപിയായിരുന്നു. എങ്ങനെയാണ് ആദ്യം വിവരം അറിഞ്ഞതെന്നും സ്ഥലത്ത് എത്തിയതെന്നും അന്വേഷണസംഘം ചോദിച്ചു. ഗൂഢാലോചനയുമായി ബന്ധപ്പെട്ട അന്വേഷണം അന്തിമഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ട്.