ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം നടത്തുന്നതിലും കുറ്റപത്രം സമര്‍പ്പിക്കുന്നതിലും എസ്.ഐ.ടിക്ക് വീഴ്ചയുണ്ടായി എന്ന് വി ഡി സതീശൻ. അതേക്കുറിച്ച് ഗൗരവത്തോടെ പരിശോധിക്കണം.
90 ദിവസത്തിനകം കുറ്റപത്രം നല്‍കാത്തതിനെ തുടര്‍ന്ന് സ്വാഭാവിക ജാമ്യമമാണ് മുരാരി ബാബുവിന് ലഭിച്ചത്. ഒരു കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്കും ജാമ്യം ലഭിച്ചു. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ അടുത്ത കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം ലഭിക്കും.
ഇടക്കാല കുറ്റപത്രം പോലും സമര്‍പ്പിക്കാത്തത് കുറ്റവാളികള്‍ ജയിലില്‍ നിന്നും പുറത്തിറങ്ങുന്നതിന് കാരണമാകും. അന്വേഷണത്തിന്റെ റെഡാറില്‍ നില്‍ക്കുന്നവര്‍ക്കും അറസ്റ്റ് ചെയ്യാപ്പെട്ടാലുടന്‍ ജാമ്യം കിട്ടുന്നതിന് ഇത് കാരണമാകും.
എസ്.ഐ.ടിക്ക് മേല്‍ അതിശക്തമായ സമ്മര്‍ദ്ദം മുഖ്യമന്ത്രിയുടെ ഓഫീസ് ചെലുത്തുകയാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണം പിന്നീട് കോടതിയും ശരിവച്ചിട്ടുണ്ട്.
എസ്.ഐ.ടിയില്‍ വിശ്വാസമുണ്ടെങ്കിലും 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ എസ്.ഐ.ടി വീഴ്ച വരുത്തിയിട്ടുണ്ട്. നഷ്ടപ്പെട്ട സ്വര്‍ണമോ ദ്വാരപാലക ശില്‍പമോ ഇതുവരെ കണ്ടെടുത്തിട്ടില്ല.
ഈ സാഹചര്യത്തില്‍ കുറ്റവാളികള്‍ പുറത്തിറങ്ങിയാല്‍ തെളിവുകള്‍ നശിപ്പിക്കാനുള്ള സാധ്യതയുള്ളതു കൊണ്ടാണ് കോടതി പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചത്. അയ്യപ്പ സ്വര്‍ണം കട്ടിട്ട് ജാമ്യത്തിന് വരികയാണോയെന്ന് സുപ്രീം കോടതി ചോദിച്ച കേസിലെ പ്രതികള്‍ക്ക് ജാമ്യം കിട്ടാനുള്ള അവസരം ഉണ്ടാക്കിയെടുത്തത് ശരിയല്ല.
പാര്‍ട്ടി സംരക്ഷിക്കുന്ന പ്രതികള്‍ക്ക് ജാമ്യം കിട്ടാത്ത സാഹചര്യത്തില്‍ സ്വാഭാവിക ജാമ്യം ലഭിക്കുന്ന അവസ്ഥ എസ്.ഐ.ടി ഉണ്ടാക്കാന്‍ പാടില്ലായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് എസ്.ഐ.ടി കുറ്റപത്രം സമര്‍പ്പിക്കാതിരുന്നതെന്നാണ് പ്രതിപക്ഷം കരുതുന്നത്.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതിരോധം ഇല്ലാത്തതു കൊണ്ടാണ് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കള്‍ വിവരക്കേട് പറയുന്നത്. സോണിയ ഗാന്ധിയുടെ വീട് റെയ്ഡ് ചെയ്യണമെന്നും അറസ്റ്റു ചെയ്യണമെന്നും പറയുന്ന വിവരക്കേട് നിയമസഭയില്‍ വിളിച്ചു പറഞ്ഞ മന്ത്രിമാരുള്ള നാടാണിതെന്ന് ഓര്‍ത്ത് ലജ്ജിക്കുന്നു.
പോറ്റി മുഖ്യമന്ത്രിക്കൊപ്പവും ചിത്രം എടുത്തിട്ടുണ്ട്. ഒരേ ചോദ്യങ്ങള്‍ ആവര്‍ത്തിക്കുന്ന കൈരളിയുടെയും ദേശാഭിമാനിയുടെയും അജണ്ട വിലപ്പോകില്ല. ഫോട്ടോ എടുക്കുമ്പോള്‍ പോറ്റി ഷേഡി ക്യാരക്ടര്‍ ആണെന്ന് പൊലീസും ഇന്റലിജന്‍സ് സംവിധാനങ്ങളുമുള്ള കേരളത്തിന്റെ മുഖ്യമന്ത്രിക്ക് അറിയില്ലായിരുന്നെങ്കില്‍ പിന്നെ സോണിയ ഗാന്ധി എങ്ങനെയാണ് അറിയുന്നത്?
കടകംപള്ളി സുരേന്ദ്രന്‍ നല്‍കിയ മാനനഷ്ട കേസില്‍ നിലപാട് മാറ്റിയെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന തെറ്റായ പ്രചരണമാണ്. ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തും. കൈരളി ഉള്‍പ്പെടെയുള്ളവരാണ് തെറ്റായ വാര്‍ത്ത നല്‍കിയത്. ദ്വാരപാലക ശില്‍പം ഏത് കോടീശ്വരനാണ് വിറ്റതെന്ന് അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്‍ പറയണമെന്ന് ആവശ്യപ്പെട്ടതിനാണ് എനിക്കെതിരെ കേസ് കൊടുത്തത്. ആ ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നു എന്നാണ് കടകംപള്ളി നല്‍കിയ നോട്ടീസിന് മറുപടി നല്‍കിയത്. ഇത് സംബന്ധിച്ച് സ്ത്യവാങ്മൂലവും ഹാജരാക്കിയിട്ടുണ്ട്. നോട്ടീസിലും സത്യവാങ്മൂലത്തിലും പറഞ്ഞതില്‍ നിന്നും മാറി എങ്ങനെയാണ് വാദത്തില്‍ സംസാരിക്കുന്നത്? എങ്ങനെയാണ് കോടതിയില്‍ മലക്കം മറിയുന്നത്? സതീശന്‍ മലക്കം മറിഞ്ഞെന്ന തെറ്റായ വാര്‍ത്ത നല്‍കിയത് കൈരളിയാണ്. കൈരളി എഴുതിയ പച്ചക്കള്ളമാണത്. എന്ത് വൃത്തികേടും കൈരളി പറയും.
പയ്യന്നൂരില്‍ സി.പി.എം ജില്ലാ കമ്മിറ്റിം അംഗം എം.എല്‍.എയ്‌ക്കെതിരെ ഗുരുതര ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. പാര്‍ട്ടിക്കും സര്‍ക്കാരിനും പരാതി നല്‍കിയിട്ടും കേസെടുത്തില്ല. പാര്‍ട്ടി കോടതിയാണോ എല്ലാം തീരുമാനിക്കുന്നത്? ഗുരുതരമായ ക്രമക്കേടാണ് നടന്നിരിക്കുന്നത്. ജനങ്ങളില്‍ നിന്നും പിരിച്ചെടുത്ത പണം കട്ടെടുത്തിരിക്കുകയാണ്. ആരോപണം ഉന്നയിച്ചത് പ്രതിപക്ഷമല്ല, സി.പി.എം ജില്ലാ കമ്മിറ്റി അംഗം തെളിവുകള്‍ സഹിതം ആരോപണം ഉന്നയിച്ചിട്ടും പ്രതിയെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പാര്‍ട്ടി തന്നെ അന്വേഷിച്ച് കേസ് ഒതുക്കി തീര്‍ക്കുകയാണ്. പാര്‍ട്ടി നേതാക്കള്‍ രക്തസാക്ഷിയുടെ പേരില്‍ പണം പിരിച്ച് തട്ടിപ്പ് നടത്തിയത് പാര്‍ട്ടിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടും പൊലീസിനെ അറിയിക്കാത്തത് ഗുരുതര ക്രിമിനല്‍ കുറ്റമാണ്. വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കാന്‍ മൂന്നു മാസം വൈകിയതിന് കോണ്‍ഗ്രസിനെ അധിക്ഷേപിച്ചവരാണ് സി.പി.എം. വയനാട് ബ്രഹ്‌മഗിരി സൊസൈറ്റിയിലും കോടിക്കണക്കിന് രൂപയാണ് സി.പി.എം കൊള്ളയടിച്ചത്. യൂത്ത് കോണ്‍ഗ്രസ് പിരിച്ച പണം കണക്ക് സഹിതം കെ.പി.സി.സിയെ ഏല്‍പ്പിച്ചിട്ടും അതിനെ പരിഹസിച്ച ഡി.വൈ.എഫ്.ഐ രക്തസാക്ഷിയുടെ പേരിലുള്ള പണം കവര്‍ന്നതില്‍ എന്തുകൊണ്ടാണ് മൗനം പാലിക്കുന്നത്? ആരോപണം ഉന്നയിച്ച ജില്ലാ കമ്മിറ്റി അംഗത്തെ സി.പി.എം ഭീഷണിപ്പെടുത്തുകയാണ്. സത്യം തുറന്നു പറഞ്ഞ ടി.പി ചന്ദ്രശേഖരനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതു പോലെ ഇപ്പോള്‍ ആരോപണം ഉന്നയിച്ച ജില്ലാ കമ്മിറ്റി അംഗത്തെയും സി.പി.എം ഭീഷണിപ്പെടുത്തുകയാണ്. പ്രളയ ഫണ്ടും കോവിഡ് ഫണ്ടും തട്ടിയെടുക്കാന്‍ മടിയില്ലാത്ത പാര്‍ട്ടിയാണ് സി.പി.എമ്മെന്ന് തെളിയിച്ചിരിക്കുകയാണ്. കരുവന്നൂരില്‍ കോടികളാണ് തട്ടിയെടുത്തത്. കരുവന്നൂര്‍ തട്ടിപ്പില്‍ സി.പി.എം തന്നെ പ്രതിയായി. പാര്‍ട്ടിയും പാര്‍ട്ടിയുടെ നേതാക്കളും പൊതുഫണ്ട് കൊള്ളയടിക്കുന്നെന്ന ആരോപണം വന്നിട്ടും ഒരു അന്വേഷണവും നടത്താന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. പാര്‍ട്ടി തന്നെ പൊലീസ് സ്റ്റേഷനും കോടതിയും ആകുന്ന പരിപാടി നടക്കില്ല. ഇത്തരം കാര്യങ്ങളില്‍ നിയമപരമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. രക്തസാക്ഷി ഫണ്ടില്‍ നടത്തിയ കൊള്ളയെ കുറിച്ച് പാര്‍ട്ടി സെക്രട്ടറിക്ക് ഉള്‍പ്പെടെ അറിയാമായിരുന്നിട്ടും നടപടി എടുത്തില്ല. ഇതുതന്നെയാണ് അഭിമന്യുവിന്റെ കാര്യത്തിലും നടന്നത്. രക്തസാക്ഷികളുടെ പേരില്‍ ഫണ്ട് പിരിച്ച് മുക്കുന്ന പാര്‍ട്ടിയാണ് സി.പി.എമ്മെന്ന് സി.പി.എം തന്നെ ആരോപണം ഉന്നയിക്കുകയാണ്.














































































