കേരളാ കോൺഗ്രസ് ഇടതുമുന്നണിക്ക് ഒപ്പം തുടരുമെന്നും പാലായിലടക്കം മധ്യകേരളത്തിൽ തിരിച്ചടിയെന്ന് വിലയിരുത്താനാകില്ലെന്നും കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി. ആരും വെള്ളം കോരാൻ വരണ്ട. വീമ്പടിക്കുന്ന തൊടുപുഴയിൽ ജോസഫ് വിഭാഗം ജയിച്ചത് രണ്ടിടത്ത് മാത്രമാണ്. പരുന്തിന്റെ പുറത്തിരിക്കുന്ന കുരുവിയുടെ അവസ്ഥയാണ് ജോസഫ് വിഭാഗത്തിന്. സംഘടനാപരമായി കേരള കോൺഗ്രസിന് ലഭിക്കേണ്ട വോട്ടുകൾ ലഭിച്ചിട്ടുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന് തിരിച്ചടി നേരിട്ടതിൻ്റെ പശ്ചാത്തലത്തിൽ ഇടതുമുന്നണി വിടുമെന്ന രീതിയിൽ ചർച്ചകൾ ഉയർന്നിരുന്നു. നിലവിൽ ഇടത് മുന്നണി വിടേണ്ട രാഷ്ട്രീയ സാഹചര്യം ഇല്ലെന്നാണ് എൽഡിഎഫ് യോഗത്തിന് ശേഷമുള്ള ജോസ് കെ മാണിയുടെ പ്രതികരണം.















































































