ഡല്‍ഹി: ഭാരത് ബന്ദ് പ്രഖ്യാപിച്ച മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് തീരുമാനം മാറ്റി. ഒക്ടോബര്‍ മൂന്നിന് ബന്ദ് ആചരിക്കേണ്ട എന്നാണ് പുതിയ തീരുമാനം. ബോര്‍ഡ് പ്രസിഡന്റ് മൗലാന ഖാലിദ് സൈഫുല്ല റഹ്മാനിയുടെ അധ്യക്ഷതയില്‍ അടിയന്തര യോഗം ചേര്‍ന്നു. മറ്റൊരു തിയ്യതിയില്‍ ബന്ദ് ആചരിക്കാന്‍ തീരുമാനിച്ചു. വൈകാതെ പുതിയ തിയ്യതി പ്രഖ്യാപിക്കും.
കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ വഖഫ് ഭേദഗതി നിയമം പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് സമരത്തിലാണ്. ഇതിന്റെ ഭാഗമായിട്ടാണ് ഭാരത് ബന്ദ് പ്രഖ്യാപിച്ചത്. കേരളത്തില്‍ ബന്ദ് ശക്തമാകുമോ എന്ന ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. സമരവുമായി സഹകരിക്കുമെന്ന് എസ്ഡിപിഐ അറിയിച്ചിരുന്നു. വ്യക്തി നിയമ ബോര്‍ഡ് ബന്ദ് പിന്‍വലിച്ച സാഹചര്യത്തില്‍ പാര്‍ട്ടിയുടെ മറ്റു പരിപാടികള്‍ നേരത്തെ തീരുമാനിച്ച പോലെ നടക്കുമെന്ന് എസ്ഡിപിഐ അറിയിച്ചു.
വഖഫ് ഭേദഗതി നിയമത്തിനെതിരെ വ്യത്യസ്തമായ സമരങ്ങളാണ് രാജ്യത്ത് നടക്കുന്നത്. മുസ്ലിം വിശ്വാസങ്ങള്‍ക്കെതിരായ നിയമം ആയിട്ടാണ് വ്യക്തി നിയമ ബോര്‍ഡ് ഇതിനെ കാണുന്നത്. നിയമം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ നിരവധി ഹര്‍ജികള്‍ എത്തിയിട്ടുണ്ട്. തുടര്‍ന്ന് നിയമത്തിലെ ചില വകുപ്പുകള്‍ സുപ്രീംകോടതി താല്‍ക്കാലികമായി റദ്ദാക്കിയിരുന്നു.
നിയമം പൂര്‍ണമായി പിന്‍വലിക്കണം എന്നാണ് സമരക്കാരുടെ ആവശ്യം. വിശ്വാസ പ്രകാരം ജീവിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തിന്റെ ലംഘനമാണ് പുതിയ നിയമം എന്ന് സമരക്കാര്‍ പറയുന്നു. മുസ്‌ലിംകളുടെ സംസ്‌കാരത്തെയും അസ്തിത്വത്തെയും തകര്‍ക്കുന്നതാണ് നിയമ ഭേദഗതി എന്നും അവര്‍ വിമര്‍ശനം ഉന്നയിക്കുന്നു.
സാമൂഹിക പുരോഗതി ലക്ഷ്യമിട്ട് തങ്ങളുടെ സമ്പത്തില്‍ നിന്നു വ്യക്തികള്‍ ദൈവപ്രീതിക്കായി സമര്‍പ്പിച്ച സ്വത്തുക്കളാണ് വഖഫ്. രാജ്യത്ത് ആയിരക്കണക്കിന് ഏക്കര്‍ സ്ഥലവും കെട്ടിടങ്ങളുമെല്ലാം ഇതില്‍പ്പെടും. ഇവയുടെ നടത്തിപ്പിനാണ് ഓരോ സംസ്ഥാനത്തും വഖഫ് ബോര്‍ഡുകളും ദേശീയ തലത്തില്‍ വഖഫ് കൗണ്‍സിലും പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ പുതിയ നിയമം ബോര്‍ഡിന്റെ പ്രവര്‍ത്തനം നിര്‍വീര്യമാക്കുന്നു എന്നാണ് വിമര്‍ശനം.
നിയമം പാര്‍ലമെന്റില്‍ അവതരിപ്പിച്ചത് മുതല്‍ വിവിധ പാര്‍ട്ടികള്‍ സമരം നടത്തിയിരുന്നു. മുസ്ലിം വ്യക്തി നിയമ ബോര്‍ഡിന്റെ കീഴില്‍ സേവ് വഖഫ്, സേവ് കോണ്‍സ്റ്റിറ്റൂഷന്‍ എന്ന കമ്മിറ്റിയും സമരത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് ഉത്തരേന്ത്യയില്‍ ശക്തമാകുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ വെള്ളിയാഴ്ച മറ്റു സമുദായങ്ങള്‍ക്ക് നിരവധി ആഘോഷങ്ങള്‍ നടക്കുന്നത് പരിഗണിച്ചാണ് തിയ്യതി മാറ്റാന്‍ തീരുമാനിച്ചത് എന്ന് വ്യക്തി നിയമ ബോര്‍ഡ് അറിയിച്ചു.