ഇന്ന് വിജയദശമി. ഹരിശ്രീ ഗണപതയേ നമഃ എന്ന ആദ്യാക്ഷരങ്ങള്‍ വിദ്യാദേവതയായ സരസ്വതിദേവിയുടെ നാമം ഉത്തമനായ ഗുരുവില്‍ നിന്നും നാവില്‍ സ്വീകരിച്ചുകൊണ്ട് നല്ലതു പറയാനും, ചിന്തിക്കാനും, കൈവിരലുകളാല്‍ മണ്ണിലോ, അരിയിലോ ആദ്യാക്ഷരം കുറിച്ചു കൊണ്ട് ആ ജ്ഞാനസൗഭാഗ്യത്തെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കാനും ആരംഭം കുറിക്കുന്ന വിദ്യാരംഭദിനം കൂടിയാണിന്ന്.
വിദ്യാദേവതയായ സരസ്വതിയും അധർമ്മത്തെ തകർത്ത് ധർമ്മം പുനസ്ഥാപിക്കുന്ന ശക്തി സ്വരൂപിണിയായ ദുർഗ്ഗയും ഐശ്വര്യദായിനിയായ മഹാലക്ഷ്മിയും ഒരുമിച്ചു പൂജിക്കപ്പെടുന്ന ദിനമാണ് വിജയദശമി.
ജാതിമതഭേദമന്യേ എല്ലാവരും വിജയദശമി ദിനത്തില്‍ വിദ്യാരംഭം കുറിക്കുന്നു.അറിവ് ഏകമാണെന്ന പരമാർത്ഥത്തിന് അടിവരയിടുകയാണ് വിജയദശമി ദിനം.
കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രം, എറണാകുളം ചോറ്റാനിക്കര ശ്രീ ഭഗവതി ക്ഷേത്രം, വടക്കൻ പറവൂർ മൂകാംബിക ക്ഷേത്രം, പാലക്കാട് ഹേമാംബിക ക്ഷേത്രം, ആവണംകോട് സരസ്വതി ക്ഷേത്രം, ഞാങ്ങാട്ടിരി വള്ളുവനാടൻ മൂകാംബിക ഭഗവതി ക്ഷേത്രം, പന്തളം പാട്ടുപുരക്കാവ് സരസ്വതി ക്ഷേത്രം, തിരുവനന്തപുരം പൂജപ്പുര ശ്രീ സരസ്വതി ക്ഷേത്രം, വർക്കല ശിവഗിരി ശാരദാമഠം സരസ്വതി ക്ഷേത്രം, കണ്ണൂർ മൃദംഗശൈലേശ്വരി ക്ഷേത്രം, കണ്ണൂർ പള്ളിക്കുന്ന് ശ്രീ മൂകാംബിക ക്ഷേത്രം, മാവേലിക്കര തട്ടാരമ്ബലം സരസ്വതി ക്ഷേത്രം തുടങ്ങിയ സരസ്വതി ക്ഷേത്രങ്ങളിലെ വിദ്യാരംഭം ഏറെ പ്രസിദ്ധമാണ്. കേരളത്തിലെ ചെറുതും വലുതുമായ മിക്ക ക്ഷേത്രങ്ങളിലും ഇന്ന് വിദ്യാരംഭ ചടങ്ങുകള്‍ നടക്കുന്നുണ്ട്.