ആയൂരില്‍ വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു.
കോഴഞ്ചേരി കിഴക്കേവലിയ വീട്ടില്‍ നൈനാൻ വർഗീസ് (60), വാഹനം ഓടിച്ചിരുന്ന മകൻ റോബിൻ നൈനാൻ (33) എന്നിവരാണ് മരിച്ചത്.
ആയൂർ പാലത്തിന് സമീപമായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന നൈനാൻ വർഗീസിന്റെ ഭാര്യ റോസി നൈനാൻ, റോബിന്റെ മക്കളായ ആദം, അഥീല്‍ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇടിയുടെ ആഘാതത്തില്‍ പൂർണ്ണമായും തകർന്ന കാറിനുള്ളില്‍ കുടുങ്ങിയ റോബിനെ ഏറെനേരത്തെ പരിശ്രമത്തിനൊടുവില്‍, കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
തിരുവനന്തപുരം ഹാപ്പി ലാൻഡ് സന്ദർശിച്ചശേഷം കോഴഞ്ചേരി ഭാഗത്തേക്ക് മടങ്ങുകയായിരുന്നു കുടുംബം. ഇവർ സഞ്ചരിച്ച കാറും, തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ലോറിയും തമ്മില്‍ നേർക്കുനേർ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.













































































