കൊച്ചി: മുഖ്യമന്ത്രിയുമായുള്ള സംവാദം നടക്കാത്തതിൽ നിരാശയെന്ന് വിഡി സതീശൻ. നേരിട്ടുള്ള സംവാദത്തിനു മുഖ്യമന്ത്രി തയാറാകുമെന്നാണ് കരുതിയതെന്നും സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള സംവാദത്തിന് ത്രിൽ ഇല്ലെന്നും പറവൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിഡി സതീശൻ മദ്യസമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി ആവർത്തിച്ചു കള്ളം പറയുകയാണ്. ഇത്രയധികം കള്ളം പറഞ്ഞിട്ടുള്ള ഭരണാധികാരി കേരളത്തിൽ ഉണ്ടായിട്ടില്ല. എല്ലാവർഗീയ കക്ഷികളുമായും കൂട്ടുകെട്ടുണ്ടാക്കുകയാണ് മുഖ്യമന്ത്രി . വയനാടിൽ പിരിച്ച പണത്തിന്‍റെ കണക്ക് കോൺഗ്രസ് പുറത്തുവിടും. കണക്കുനൽകേണ്ടത് മുഖ്യമന്ത്രിക്കല്ലെന്നും പണം തന്നവരെ കണക്ക് ബോധിപ്പിക്കുമെന്നും വിഡി സതീശൻ പറഞ്ഞു. വയനാട്ടിലെ വീടുകളുടെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കും.
സ്വർണം കട്ടവർ എങ്ങനെ രാഹുൽ ഗാന്ധിയുടെ വീട്ടിലെത്തി എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിനും വിഡി സതീശൻ മറുപടി നൽകി. ശബരിമലയിൽ സ്വർണ്ണം കട്ടവർ എങ്ങനെ മുഖ്യമന്ത്രിയുടെ ഒപ്പം ഫോട്ടോയെടുത്തുവെന്ന് ആദ്യം പറയട്ടെ. എഫ്‌സിആർഎ ബിൽ വന്നതോടെ ബിജെപിയുടെ യഥാർഥ സ്വഭാവം സഭ അധ്യക്ഷന്മാർക്കു ബോധ്യമായി. എഫ്‌സിആർഎ വിഷയത്തിൽ പ്രധാനമന്ത്രിക്ക് ആദ്യം കത്തയച്ചത് താനെന്നും സതീശൻ പറഞ്ഞു. 25 വർഷം എംഎൽഎ ആയ താൻ ഇത്തവണ ഉയർന്ന പദവിയിൽ എത്തുമെന്ന് പറവൂരുകാര്‍ ആഗ്രഹിക്കുന്നുണ്ടാകാമെന്നും സതീശൻ പറഞ്ഞു.
പ്രതിപക്ഷ നേതാവ് വിഡി സതീശനുമായുള്ള പരസ്യ സംവാദത്തിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പിന്മാറുകയായിരുന്നു. നേരിട്ടുള്ള സംവാദത്തിനല്ലെന്നും ഫേസ്ബുക്ക് വഴിയുള്ള സംവാദത്തിനാണ് ക്ഷണിച്ചതെന്നും ഇന്ന് മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനത്തിൽ വിശദീകരിച്ചു. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ വീണ്ടും വെല്ലുവിളിയുമായി വിഡി സതീശന്‍ രംഗത്തെത്തിയിരുന്നു. സംവാദത്തിന്‍റെ സമയവും സ്ഥലവും ഇതുവരെ തീരുമാനിച്ചില്ലെന്നും മുഖ്യമന്ത്രി ശ്രദ്ധിക്കുമല്ലോയെന്നുമായിരുന്നു
വിഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചത്. സംവാദമാകാമെന്ന് പറഞ്ഞിട്ട് 24 മണിക്കൂര്‍ കഴിഞ്ഞുവെന്നും മുഖ്യമന്ത്രിയെ സതീശൻ ഓര്‍മിപ്പിച്ചിരുന്നു.
കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ചൂടേറ്റിയാണ് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മിലുള്ള സംവാദവുമായി ബന്ധപ്പെട്ട ചര്‍ച്ച സജീവമായത്. പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് സംവാദത്തിന് ആദ്യം വെല്ലുവിളിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഇതിനുപിന്നാലെ എൽഡിഎഫ് റിപ്പോർട്ട് കാര്‍ഡ് പങ്കുവെച്ച് എന്നാൽ ഇതിൽ സംവാദമാകാം എന്നുപറഞ്ഞ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വെല്ലുവിളിക്കുകയായിരുന്നു.സർക്കാരിന്‍റെ എ പ്ലസ് നേട്ടങ്ങൾ എണ്ണിപ്പറഞ്ഞു കൊണ്ട് ഇതിൽ സംവാദമാകാമോ എന്ന ചോദ്യമാണ് മുഖ്യമന്ത്രി ഉയർത്തിയിരുന്നത്.
സംവാദത്തിന് തയ്യാറെന്ന് ഇന്നലെ രാവിലെ വാര്‍ത്താസമ്മേളനത്തിലും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ സ്ഥലവും സമയവും കൂടി അദ്ദേഹത്തിന് തീരുമാനിക്കാം എന്നും പ്രതിപക്ഷ നേതാവ് മറുപടി നൽകിയിരുന്നു. പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് താനെത്തുമെന്നും ബാക്കി ജനം തീരുമാനിക്കട്ടെയെന്നുമായിരുന്നു ഇന്നലെ സതീശൻ വ്യക്തമാക്കിയത്. ഈ സംവാദ വെല്ലുവിളികള്‍ക്ക് പിന്നാലെയാണിപ്പോള്‍ നേരിട്ടല്ല സംവാദത്തിന് ക്ഷണിച്ചതെന്നും ഫേസ്ബുക്ക് വഴിയാണെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം ഇന്ന് ഉണ്ടാകുന്നത്.














































































