പെരുമണ്‍ ട്രെയിൻ ദുരന്തത്തിന് നാളെ 37 വയസ് പൂർത്തിയാകും. 105 പേർ മരിക്കുകയും ഒട്ടേറെപ്പേർക്ക് പരിക്കേല്‍ക്കുകയും ചെയ്ത ദുരന്തം ഇന്നും നടുക്കുന്ന ഓർമയാണ് സമ്മാനിക്കുന്നത്.
1988 ജൂലായ് എട്ടിനാണ് നാടിനെ നടുക്കിയ ട്രെയിൻ ദുരന്തമുണ്ടായത്. ബെംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്കു പോയ ഐലൻഡ് എക്സ്‌പ്രസിന്റെ 10 കോച്ചുകള്‍ കൊല്ലത്തിന് സമീപം പെരുമണ്‍ പാലത്തില്‍നിന്നു അഷ്ടമുടിക്കായലിലേക്കു മറിയുകയായിരുന്നു.
ദുരന്തത്തില്‍ ദുരന്തകാരണം അന്വേഷിക്കാൻ രണ്ട് കമ്മിഷനെ റെയില്‍വേ നിയമിച്ചിരുന്നു. അന്നത്തെ റെയില്‍വേ സുരക്ഷാ കമ്മിഷണർ സൂര്യനാരായണനും അതിനുശേഷം റിട്ട. എയർമാർഷല്‍ സി.എസ്. നായ്‌ക്കുമാണ് അന്വേഷിച്ചത്. അപകടകാരണം കായലിലുണ്ടായ ടൊർണാഡോ അഥവാ ചുഴലിക്കാറ്റെന്നായിരുന്നു രണ്ട് കമ്മീഷനുകളും റെയില്‍വേയ്ക്ക് നല്‍കിയ റിപ്പോർട്ട്.
ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും അടങ്ങിയ വൻജനാവലി ഓർമ്മപ്പൂക്കളുമായി പുലർച്ചെമുതല്‍ പെരുമണില്‍ എത്തും.
ഡോ. കെ.വി. ഷാജിയുടെ നേതൃത്വത്തിലുള്ള പെരുമണ്‍ ട്രയിൻ ദുരന്ത അനുസ്മരണ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ രാവിലെ ഒൻപതിന് പുഷ്പാർച്ചനയും അനുസ്‌മരണസമ്മേളനവും നടത്തും. എൻ.കെ. പ്രേമചന്ദ്രൻ എംപി സമ്മേളനം ഉദ്ഘാടനം ചെയ്യും.