കോട്ടയം : മനുഷ്യർ പരിസ്ഥിതി മലിനീകരണത്തിന് കാരണമാകരുതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. ദേശീയ പരിസ്ഥിതി കോൺഗ്രസ് നടത്തിയ പരിസ്ഥിതി സെമിനാറും പുരസ്ക്കാര വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎൽഎ. കോട്ടയം പ്രസ്സ് ക്ലബ്ബ് ഹാളിൽ നടന്ന പരിപാടിയിൽ സി.എസ്.ഐ മധ്യകേരള മഹായിടവക ബിഷപ്പ് ഡോക്ടർ മലയിൽ സാബു കോശി ചെറിയാൻ അനുഗ്രഹ പ്രഭാഷണം നടത്തി. വന്യമൃഗങ്ങൾ മനുഷ്യരുടെ സ്വസ്തത നശിപ്പിക്കുന്നതിന് കാരണം വനത്തിനുള്ളിൽ മൃഗങ്ങളുടെ സ്വയിര ജീവിതം ഇല്ലാതാകുന്നത് കൊണ്ടാണെന്നും , ടൂറിസം അടക്കമുള്ള വിവിധ പദ്ധതികൾ ഉൾ വനങ്ങളിലേയ്ക്ക് കടന്നു ചെല്ലുന്നത് നിയന്ത്രിക്കണമെന്നും ബിഷപ്പ് പറഞ്ഞു.
പരിസ്ഥിതി അവബോധം വളർത്തുന്ന വിവിധ പരിപാടികൾക്ക് സെമിനാറിൽ തുടക്കം കുറിച്ചു.ദേശീയ പരിസ്ഥിതി കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ജ്യോതിഷ് കൃഷ്ണ അധ്യക്ഷത വഹിച്ചു. ഫ്രാൻസിസ് ജോർജ് എംപി വിശിഷ്ട അതിഥിയായി. ദേശീയ പ്രസിഡണ്ട് അഡ്വക്കേറ്റ് അനിൽ ബോസ് മുഖ്യപ്രഭാഷണം നടത്തി.ദേശീയ തലത്തിൽ അവാർഡ് നേടിയ ഫാദർ സുനിൽ പെരുമാനൂർ,ഡോക്ടർ നിഷാദ് അബൂബക്കർ, എന്നിവരെയും പരിസ്ഥിതി പ്രവർത്തകരായ ഉണ്ണകൃഷ്ണൻ ഗുരുക്കൾ,ജോസഫ് ലിജോ , കെ.കെ ജോസ് പ്രകാശ് , സുനിൽ യു.വി , പ്രദീപ് കെ.ജി എന്നിവരെയും ചടങ്ങിൽ ആദരിച്ചു. പരിസ്ഥിതി സംബന്ധമായ മികച്ച വാർത്തകൾക്ക് മാതൃഭൂമി റിപ്പോർട്ടർ എസ്.ഡി.റാം , എ.സി.വി കാമറാമാൻ പി.എം.ബിനുമോൻ , യുവമാധ്യമപ്രവർത്തക അജ്മി ഷംസ് എന്നിവർക്ക് ക്ഷിതി 2025 പുരസ്കാരം നൽകി. കെപിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ടോമി കല്ലാനി കേരളവും പരിസ്ഥിതിയും എന്ന സെമിനാർ വിഷയം അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി സജീവ് തിരുനക്കര , ജില്ലാ പ്രസിഡണ്ട് അനീഷ് പറമ്പിനകം ,അന്നമ്മ മാണി , മിഥുൻ.പി.പി തുടങ്ങിയവർ സംസാരിച്ചു.