കോട്ടയം: സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തിപ്രാപിക്കുന്നു. കോഴിക്കോട്, മലപ്പുറം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ ശക്തമായ മഴ തുടരുകയാണ് . മണ്ണിടിച്ചിലുണ്ടായ മലപ്പുറം കവളപ്പാറയില്‍ വീണ്ടും മഴ പെയ്യുന്നത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകുന്നുണ്ട് .കോട്ടയം ജില്ലയുടെ വിവിധ മേഖലകളില്‍ ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പുലര്‍ച്ചെയും കനത്ത മഴയാണ് പെയ്യുന്നത്. മീനിച്ചിലാറ്റില്‍ നേരിയതോതില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ഇതേത്തുടര്‍ന്ന്, പാലാ- ഈരാറ്റുപേട്ട റോഡില്‍ വീണ്ടും വെള്ളം കയറി ഗതാഗതം ഭാഗികമായി തടസപ്പെട്ടു.
പത്തനംതിട്ട റാന്നിയില്‍ പമ്പയാറും കൈവഴിയായ തോടും വീണ്ടും നിറഞ്ഞു. കഴിഞ്ഞ ദിവസം വൈകുന്നേരം തുടങ്ങിയ മഴയിലാണ് ജലനിരപ്പ് ഉയര്‍ന്നത്.
കോഴിക്കോട് ജില്ലയുടെ മലയോര മേഖലകളിലും മഴ കനക്കുകയാണ് . മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ഇവിടങ്ങളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും എറണാകുളം ജില്ലയില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.