കോഴിക്കോട്: തീപിടിച്ച കപ്പലിൽ 140 കണ്ടെയ്നറുകളിൽ അപകടകരമായ ചരക്കുകളുള്ളതായി റിപ്പോർട്ട്. അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷൻ (ഐ.എം.ഒ) ക്ലാസിഫിക്കേഷൻ അനുസരിച്ച് 20 കണ്ടെയ്നറുകളിൽ തീപിടിക്കുന്ന വസ്തുക്കൾ, സ്വയമേവ കത്തുന്നവ, കീടനാശിനികൾ ഉൾപ്പെടെയുള്ള വിഷ രാസവസ്തുക്കളും അടങ്ങിയിട്ടുണ്ട്.
ഇതിൽ കള നിയന്ത്രണത്തിനും കീട നിയന്ത്രണത്തിനും ഉപയോഗിക്കുന്ന 800 ഡ്രമ്മുകളും മറ്റൊരു കണ്ടെയ്നറിൽ 27,786 കി.ഗ്രാം തൂക്കമുള്ള എഥൈൽ ക്ലോറോഫോർമൈറ്റ് അടക്കമുള്ള വിഷാംശ രാസവസ്തുക്കളും ഉൾപ്പെടുന്നു. ഇത് കടലിൽ പരക്കുന്നതോടെ ഉണ്ടാകാനിടയുള്ള മലിനീകരണം സംബന്ധിച്ചും ആശങ്ക ഉയർന്നിട്ടുണ്ട്. കപ്പലിൽ 20 കണ്ടെയ്നറുകളിലായി കത്തുന്ന ഖരവസ്തുക്കളുണ്ട്. ഇതിൽ രണ്ട് കണ്ടെയ്നറുകളിൽ ആൽക്കഹോൾ അടങ്ങിയ നൈട്രോസെല്ലുലോസ്, 12 കണ്ടെയ്നറുകളിൽ നാഫ്തലീൻ, ഒരു കണ്ടെയ്നറിൽ കത്തുന്ന ദ്രാവകം അടങ്ങിയ ഖരവസ്തുക്കൾ, നാല് കണ്ടെയ്നറുകളിൽ പാരഫോർമാൽഡിഹൈഡ് എന്നിവ ഉൾപ്പെടുന്നു.
സ്വയമേവ കത്തുന്ന ഓർഗാനോമെറ്റാലിക് പദാർഥവുമുണ്ട്. വായുവുമായി സമ്പർക്കമുണ്ടാകുമ്പോൾ സ്വയം കത്തുന്നവയാണിത്. കപ്പലിലെ തീയണക്കാൻ മറ്റ് കപ്പലുകൾ പോകുന്നതിന് തടസ്സമായി നിൽക്കുന്നത് വളരെ പെട്ടെന്ന് തീപിടിക്കുന്ന ഇത്തരം വസ്തുക്കളുടെ സാന്നിധ്യമാണത്രെ.
വാൻഹായ് ലൈൻസിന്റെ കീഴിൽ പ്രവർത്തിക്കുന്ന സിംഗപ്പൂർ കപ്പലാണ് എം.വി. വാൻഹായ് 503. 2005ൽ തായ്വാനിലെ കാവോസിയുങ് സി.എസ്.ബി.സി കോർപറേഷൻ നിർമിച്ച ചരക്കു കപ്പലാണിത്. പാനമ കനാലിൽ സഞ്ചരിക്കാൻ പാകത്തിൽ രൂപകൽപന ചെയ്ത വാൻഹായ് 503ന് 268.8 മീറ്റർ നീളവും 32.3 മീറ്റർ വീതിയുമുണ്ട്.
ചൈന, ഇന്ത്യ, ശ്രീലങ്ക, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലെ തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന ചൈന- ഇന്ത്യ എക്സ്പ്രസ് റൂട്ടിലാണ് നിലവിൽ ചരക്ക് ഗതാഗതം നടത്തുന്നത്. മണിക്കൂറിൽ 24.4 നോട്ടിക്കൽ മൈൽ (45.2 കിലോമീറ്റർ) വേഗതയിൽ വരെ സഞ്ചരിക്കാൻ കഴിയും. 42,532 ടൺ ചരക്ക് ഉൾപ്പെടെ ആകെ 51,300 ടൺ ഭാരം താങ്ങാൻ ശേഷിയുണ്ട്. 20 അടി നീളവും എട്ടടി വീതിയും എട്ടര അടി ഉയരവുമുള്ള 4,252 കണ്ടെയ്നറുകൾ വരെ വഹിക്കാനുള്ള ശേഷിയും ഇതിനുണ്ട്.