കൊല്ലം: കരുനാഗപ്പള്ളിയിൽ രണ്ട് വയസുള്ള കുഞ്ഞിനെ മടിയിലിരുത്തി സ്വകാര്യ ബസ് ഡ്രൈവറുടെ യാത്ര. മൈനാകപ്പള്ളി സ്വദേശി അൻസലാണ് കൊച്ചുകുട്ടിയെ മടിയിലിരുത്തി സാഹസികമായി ബസ് ഓടിച്ചത്. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ബസ് ഓടിച്ച അൻസലിൻ്റെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. കഴിഞ്ഞ ദിവസമാണ് ഈ സംഭവത്തിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായത്. വിഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ കരുനാഗപ്പള്ളി ആർടിഒ ആണ് പന്തളം റൂട്ടിലോടുന്ന ലീന ബസിൻ്റെ ഡ്രൈവറായ അൻസലിനെ വിളിച്ചുവരുത്തിയത്. വർക് ഷോപ്പിൽ നിന്ന് വീട്ടിലേക്ക് പോകുന്ന സമയത്താണ് അൻസൽ ഒപ്പമുണ്ടായിരുന്ന സഹോദരിയുടെ മകൻ രണ്ടുവയസുകാരനായ കുഞ്ഞിനെ മടിയിലിരുത്തി ബസോടിച്ചത്. ട്രെയിനിംങ് അടക്കം പൂർത്തിയായ ശേഷമേ ഇനി അൻസലിന് ലൈസൻസ് തിരിച്ചുകിട്ടുകയുള്ളൂ.
