തിരുവനന്തപുരം: വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തിൽ പ്രതിഷേധം ശക്തം. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിൻ്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി.
ഗേറ്റ് തള്ളിത്തുറന്ന് അകത്തേയ്ക്ക് ഇരച്ചുകയറിയ പ്രവർത്തകർ വീടിൻ്റെ വാതിലിന് മുന്നിൽ റീത്ത് വെച്ചു. വസതിക്ക് മുന്നിൽ രണ്ട് പൊലീസുകാരായിരുന്നു ഉണ്ടായിരുന്നത്. പ്രതിഷേധം ശക്തമായതോടെ കൂടുതൽ പൊലീസുകാർ സ്ഥലത്തേയ്ക്ക് എത്തി.
ഇതിനിടെ പ്രവർത്തകർ വീടിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ഗേറ്റിൽ കരിങ്കൊടി തൂക്കുകയും ചെയ്തു. അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനിടെ പൊലീസുകാരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ പ്രവർത്തകർ വീട്ടിലേക്ക് വീണ്ടും അതിക്രമിച്ച് കയറാൻ ശ്രമിച്ചു. ഇതോടെ പൊലീസ് ബലം പ്രയോഗിച്ചു. ഇതിനിടെ പ്രവർത്തകർ വീട്ടിലേക്ക് ചീമുട്ടയെറിഞ്ഞു. പ്രവർത്തകരെ അറസ്റ്റ് ചെയ്ത പൊലീസ് വാഹനത്തിൽ കയറ്റി. ഈ സമയം പ്രവർത്തകർ പൊലീസ് വാഹനത്തിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തൈക്കാട്-വഴുതക്കാട് റോഡ് പ്രവർത്തകർ ഉപരോധിക്കുകയും ചെയ്തു.
മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം കടുപ്പിക്കുമെന്നും ശസ്ത്രക്രിയക്ക് പിന്നാലെ ഉപകരണങ്ങൾ കുടുങ്ങുന്നത് സ്ഥിരം സംഭവമായി മാറിയെന്നും യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ നേമം ഷജീർ പറഞ്ഞു. ഗുരുതരമായിട്ടുള്ള നിരവധി ചികിത്സാപ്പിഴവുകൾ ഉണ്ടായിട്ടും വലിയ കേമത്തം ചമഞ്ഞ് ആരോഗ്യമന്ത്രി ഇവിടെ ഇരിക്കേണ്ടതില്ല. ഉത്തരവാദിത്വം ഏറ്റെടുത്ത് അവർ രാജിവെക്കണം.
അഹങ്കാരവും ധിക്കാരവുമാണ് അവർ കാണിക്കുന്നത്. ഇത് കാലന്റെ ആരോഗ്യവകുപ്പായി മാറിക്കഴിഞ്ഞു. ഇനിയെന്ത് മറുപടിയാണ് മന്ത്രിക്ക് പറയാനുള്ളതെന്നും നേമം ഷജീർ ചോദിച്ചു. ആശുപത്രികൾ ആളെക്കൊല്ലുന്ന സ്ഥാപനമായി മാറുമ്പോൾ മന്ത്രിയുടെ വസതി മരണവീടായി മാറിയെന്നും അതിനാലാണ് റീത്ത് വെച്ചതെന്നും നേമം ഷജീർ പറഞ്ഞു.
ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയപ്പോൾ നടപടി സ്വീകരിച്ചിരുന്നെങ്കിൽ ഇന്ന് ഇങ്ങനെ സംഭവിക്കില്ലായിരുന്നു. ഒരു പേപ്പർ മേടിക്കാൻ പോലും ഗതിയില്ലാത്ത വകുപ്പായി ആരോഗ്യവകുപ്പ് മാറി എന്നാണ് ഹാരിസ് ചിറക്കൽ പറയുന്നത്. യൂത്ത് കോൺഗ്രസ് സമരം ഇനിയും ഉണ്ടാകുമെന്നും നേമം ഷജീർ പറഞ്ഞു.
അതേസമയം, രോഗിയുടെ വയറ്റിൽ ശസ്ത്രക്രിയാ ഉപകരണം കുടുങ്ങിയ സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു. ഗൈനക്കോളജി വകുപ്പ് മേധാവിയായ ഡോ. ലളിതാംബികയെ മാത്രം പ്രതി ചേർത്താണ് നിലവിൽ കേസ് എടുത്തിരിക്കുന്നത്. മനുഷ്യ ജീവനും വ്യക്തി സുരക്ഷിതത്വത്തിനും ഭീഷണി ആകുന്ന രീതിയിൽ ഉദാസീനതയോടെ ശാസ്ത്രക്രിയ ചെയ്തു എന്നാണ് എഫ്‌ഐആറിൽ പറഞ്ഞിരിക്കുന്നത്.
നിരുത്തരവാദിത്വപരമായി വയറ്റിൽ കത്രിക ഉപേക്ഷിച്ചെന്നും എഫ്‌ഐആറിൽ ഉണ്ട്. ഭാരതീയ ന്യായ സംഹിതയിലെ 125, 125 (എ) എന്നീ വകുപ്പുകൾ ചേർത്താണ് കേസ് എടുത്തിരിക്കുന്നത്.
താനല്ല ശസ്ത്രക്രിയ നടത്തിയതെന്ന് ഡോ. ലളിതാംബിക കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഡോ. ഷാഹിദയാണ് ഉഷ ജോസഫിന്റെ ശസ്ത്രക്രിയ നടത്തിയതെന്ന് വണ്ടാനം മെഡിക്കൽ കോളേജ് അധികൃതർ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ നിലവിൽ ഡോ. ഷാഹിദയെ പ്രതി ചേർത്തിട്ടില്ല. ഡോ. ലളിതാംബിക കഴിഞ്ഞ ദിവസം നടത്തിയ ചില പ്രതികരണങ്ങൾ വലിയ വിവാദമായിരുന്നു. ശസ്ത്രക്രിയ ഉപകരണം അഞ്ചല്ല അമ്പത് വർഷം വയറ്റിൽ ഇരുന്നാലും ഒരു കുഴപ്പവും സംഭവിക്കില്ല എന്നായിരുന്നു ലളിതാംബിക പറഞ്ഞത്. ലളിതാംബിക വിഷയത്തെ ഈ രീതിയിൽ നിസാരവത്കരിച്ചത് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന്റെ അടക്കം വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു.














































































