മാഞ്ചസ്റ്ററിലെ അവസാന സെഷനിൽ ഇന്ത്യൻ ഓൾറൗണ്ടർമാരായ രവീന്ദ്ര ജഡേജ- വാഷിങ്ടൺ സുന്ദർ എന്നിവർ സെഞ്ച്വറിക്ക് അരികെ നിൽക്കുമ്പോൾ കളി സമനിലയിൽ പിരിയാനായി ബെൻ സ്റ്റോക്‌സ് കൈകൊടുക്കാനെത്തി എന്നാൽ ഇന്ത്യൻ താരങ്ങൾ അത് നിരസിച്ചു.
ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചകൾക്കാണ് ഇത് വഴിയൊരുക്കിയത്. സ്‌റ്റോക്‌സിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാട് പേരെത്തി. എന്നാൽ വ്യതസ്തമായ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയൻ സ്പിന്നറായ നഥാൻ ലിയോൺ.
'അവരെ സെഞ്ച്വറി അടിക്കാൻ അനുവധിക്കരുത്, ഔട്ടാക്കണം' എന്നാണ് ലിയോൺ പറഞ്ഞത്. സുന്ദറും ജഡേജയും 80കളിൽ നിൽക്കുമ്പോഴായാണ് സ്‌റ്റോക്‌സ് സമനിലയിൽ പിരിയാം എന്ന് ആവശ്യപ്പെട്ടത്. 15 ഓവർ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു ഇത്. എന്നാൽ ഇന്ത്യൻ ബാറ്റർമാർ ഇത് നിരസിച്ചു. ഇരുവരും സെഞ്ച്വറി നേടിയതിന് പിന്നാലെ മത്സരം സമനിലയിൽ പിരിയുകയായിരുന്നു.
ഇന്ത്യൻ താരങ്ങൾക്ക് അനുകൂലമായാണ് ഒരുപാട് പേരെത്തിയത്. സ്റ്റോക്‌സ് ചെയ്തത് ശരിയായില്ലെന്ന് ഒരുപാട് വാദങ്ങൾ വന്നു. എന്നാൽ അവസാന 15 ഓവറിൽ അത്ഭുതങ്ങൾക്ക് സാധ്യതയില്ലാത്തതിനാൽ തൻറെ ബൗളർമാരുടെ ജോലിഭാരം കുറക്കാനാണ് താൻ ശ്രമിച്ചതെന്നായിരുന്നു സംഭവത്തിൽ ബെൻ സ്റ്റോക്‌സിന്റെ വാദം.