കോട്ടയം : കഞ്ഞിക്കുഴിയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ഒടുവിൽ പരിഹാരമാകുന്നു. 25 വർഷം മുൻപ് അടച്ച് പൂട്ടിയ കഞ്ഞിക്കുഴിയിലെ ബസ് സ്റ്റാൻഡ് തുറന്ന് കൊടുക്കണമെന്ന തേർഡ് ഐ ന്യൂസിൻ്റെ ഹർജിയിൻമേൽ ബസ് സ്റ്റാൻ്റും ഷോപ്പിംഗ് കോംപ്ലക്സും നിർമ്മിച്ച് നടുറോഡിലെ ബസ് സ്റ്റോപ്പുകൾ സ്റ്റാൻഡിലേക്ക് മാറ്റിയും ഗതാഗതക്കുരുക്ക് പരിഹരിക്കാമെന്ന് കോട്ടയം നഗരസഭ ഹൈക്കോടതിയെ രേഖാമൂലം അറിയിച്ചു.
നഗരസഭയുടെ ഉടമസ്ഥതയിൽ കഞ്ഞിക്കുഴിയിലുള്ള ബസ് സ്റ്റാൻഡ് 25 വർഷമായി അടച്ചിട്ടിരിക്കുകയാണെന്നും , സ്റ്റാൻഡ് തുറന്നു കൊടുക്കാത്തതുമൂലം രൂക്ഷമായ ഗതാഗതക്കുരുക്കാണെന്നും ചൂണ്ടിക്കാണിച്ച് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ എ കെ ശ്രീകുമാർ 2025 മാർച്ചിൽ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
തുടർന്ന് 45 ദിവസത്തിനകം ബസ് സ്റ്റാൻഡ് തുറന്നുകൊടുക്കാൻ 2025 ഏപ്രിൽ മാസത്തിൽ നഗരസഭയോട് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ പത്ത് മാസം കഴിഞ്ഞിട്ടും നടപടി എടുക്കാത്ത കോട്ടയം നഗരസഭയ്ക്കെതിരെ ശ്രീകുമാർ കോടതിയലക്ഷ്യത്തിന് ഹൈക്കോടതിയെ വീണ്ടും സമീപിച്ചു.
ഇതേ തുടർന്ന് കോടതിയലക്ഷ്യത്തിന് നഗരസഭാ സെക്രട്ടറിക്കെതിരെ കേസെടുത്തതോടെയാണ് ബസ്റ്റാൻഡ് തുറക്കാൻ അടിയന്തര നടപടി സ്വീകരിക്കാമെന്ന് നഗരസഭ രേഖാമൂലം ഹൈക്കോടതിയെ അറിയിച്ചത്. ഇതേ തുടർന്ന് കോടതിയിയലക്ഷ്യ നടപടികളിൽ നിന്ന് സെക്രട്ടറിയെ ഒഴിവാക്കി.












































































