2026-27 അക്കാദമിക് വർഷം മുതല്‍ ഒൻപതാം ക്ലാസില്‍ ഓപ്പണ്‍ ബുക്ക് പരീക്ഷ രീതി നടപ്പിലാക്കാനുള്ള നിർദേശത്തിനാണ് സിബിഎസ്‌ഇ അംഗീകാരം നല്‍കിയത്. പദ്ധതിയോട് അധ്യാപകർ താത്പര്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് പുതിയ സമ്പ്രദായം ഏർപ്പെടുത്താൻ ബോർഡ് ഒരുങ്ങുന്നത്.
നേരത്തെ ജൂണില്‍ നടന്ന സിബിഎസ്‌ഇയുടെ ഗവേണിംഗ് ബോഡി യോഗത്തില്‍ ഈ നിർദ്ദേശം പ്രാഥമികമായി അംഗീകരിച്ചിരുന്നു. തുടർ പഠനങ്ങള്‍ക്ക് ശേഷമാണ് പദ്ധതിയ്ക്ക് അന്തിമ അംഗീകാരം നല്‍കിയത്. ഒൻപതാം ക്ലാസിലെ ഇംഗ്ലിഷ്, സയൻസ്, കണക്ക്, ബയോളജി വിഷയങ്ങളില്‍ ഓപ്പണ്‍ ബുക്ക് അസസ്മെന്റുകള്‍ സംയോജിപ്പിക്കുന്നതാണ് പദ്ധതി. 2020-ലെ ദേശീയ വിദ്യാഭ്യാസ നയം അടിസ്ഥാനമാക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഒൻപത് മുതല്‍ 12 വരെ ക്ലാസ്സുകളിലെ വിദ്യാർഥികള്‍ക്കായി ഓപ്പണ്‍ ബുക്ക് രീതി നടപ്പിലാക്കാനുള്ള സാധ്യതകള്‍ പരിഗണിക്കണമെന്നു പുതിയ ദേശീയ കരിക്കുലം ഫ്രെയിംവർക്കില്‍ നിർദേശമുണ്ട്. ഇതേതുടർന്ന് സിബിഎസ്‌ഇ കരിക്കുലം കമ്മിറ്റിയുടെ ശുപാർശയ്ക്കു ഡിസംബറില്‍ ചേർന്ന ഗവേണിങ് കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കിയിരുന്നു.
ഓപ്പണ്‍ ബുക്ക് പരീക്ഷയിലൂടെ സിബിഎസ്‌ഇ ലക്ഷ്യമിടുന്നത് വിദ്യാർഥികളുടെ നൈപുണ്യശേഷി, വസ്തുതാപരമായ വിശകലനശേഷി, പ്രശ്‌ന പരിഹാരശേഷി, വിമർശനാത്മകവും സമ്പുഷ്ടവുമായ ചിന്താരീതി എന്നിവ വളർത്തിയെടുക്കുകയാണ് .സിലബസ് അടിസ്ഥാനമാക്കിയുള്ള വിഷ്വല്‍ കണ്ടന്റ്, കേസ് സ്റ്റഡി എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ പരീക്ഷയ്ക്കുണ്ടാകും.
എന്താണ് ഓപ്പണ്‍ ബുക്ക് പരീക്ഷ ?
കാണാപ്പാഠം പഠിച്ച് പരീക്ഷയെഴുതുന്ന രീതിയില്‍ നിന്ന് വ്യത്യസ്തമായി പുസ്തകം റഫർ ചെയ്തുകൊണ്ട് പരീക്ഷയെഴുതുന്ന രീതിയാണ് ഓപ്പണ്‍ ബുക്ക് രീതി. ഒറ്റനോട്ടത്തില്‍ എളുപ്പവും ലളിതവുമെന്ന്തോന്നും. പക്ഷെ സംഗതി അത്ര എളുപ്പമല്ലെന്നതാണ് സത്യം.
കാണാപ്പാഠം പഠിച്ച് ഓപ്പണ്‍ ബുക്ക് പരീക്ഷ എഴുതാൻ സാധ്യമല്ല. ചോദ്യങ്ങള്‍ പരോക്ഷമായ, ഏറെ ആലോചിച്ചു വിശകലനം നടത്തേണ്ടവയായിരിക്കും. ആഴത്തിലുള്ള ചോദ്യങ്ങളായിരുക്കും. നേരിട്ട് ഉത്തരമെഴുതാൻ സാധിക്കില്ലെന്നതാണ് വസ്തുത. മുഴുവൻ പാഠഭാഗങ്ങളും നന്നായി വായിച്ചു മനസ്സിലാക്കി, മനസ്സില്‍ മികച്ച ആശയം ഉരുത്തിരിച്ചെടുത്ത വിദ്യാർഥിക്കു മാത്രമേ അനായാസം ഉത്തരമെഴുതാൻ സാധിക്കൂ. ഓപ്പണ്‍ബുക്ക് രീതി വിദേശ സർവകലാശാലകളിലും ഇന്ത്യയിലെ തിരഞ്ഞെടുത്ത കേന്ദ്ര സർവകലാശാലയിലുമുണ്ട്.