ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലി ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ വീണ്ടും ഒന്നാം സ്ഥാനത്തെത്തി. 2021 ജൂലൈയ്ക്ക് ശേഷം ആദ്യമായാണ് കോഹ്ലി ഈ നേട്ടം കൈവരിക്കുന്നത്.
വഡോദരയില്‍ ന്യൂസിലൻഡിനെതിരെ നടന്ന ആദ്യ ഏകദിനത്തില്‍ 91 പന്തില്‍ നിന്ന് 93 റണ്‍സ് നേടിയ പ്രകടനമാണ് കോഹ്ലിയെ ഒന്നാമതെത്തിച്ചത്. തന്റെ സഹതാരം രോഹിത് ശർമ്മയെ പിന്നിലാക്കിയാണ് കോഹ്ലി ഈ കുതിപ്പ് നടത്തിയത്.
ഇതോടെ തന്റെ കരിയറില്‍ പതിനൊന്നാം തവണയാണ് കോഹ്ലി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്. ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ എന്നീ ടീമുകള്‍ക്കെതിരായ പരമ്പരകളില്‍ അഞ്ച് ഇന്നിംഗ്‌സുകളില്‍ നിന്ന് രണ്ട് സെഞ്ചുറികളും മൂന്ന് അർധസെഞ്ചുറികളും ഉള്‍പ്പെടെ 469 റണ്‍സ് നേടിയ തകർപ്പൻ ഫോമിലാണ് താരം.
നിലവില്‍ 785 റേറ്റിംഗ് പോയിന്റോടെയാണ് കോഹ്ലി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 784 പോയിന്റുള്ള ന്യൂസിലൻഡിന്റെ ഡാരില്‍ മിച്ചല്‍ രണ്ടാമതും, 775 പോയിന്റുള്ള രോഹിത് ശർമ്മ മൂന്നാം സ്ഥാനത്തുമാണ്. ഏറ്റവും കൂടുതല്‍ ദിവസങ്ങള്‍ ഏകദിന റാങ്കിംഗില്‍ ഒന്നാമതായിരുന്ന ഇന്ത്യൻ താരം എന്ന റെക്കോർഡും ഇപ്പോള്‍ കോഹ്ലിയുടെ പേരിലാണ്.













































































