കോട്ടയം: ജില്ലാ പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷനിലെ വോട്ടെണ്ണലിൽ പിഴവ് സംഭവിച്ചതായി പരാതി. ഇതു സംബന്ധിച്ച് എൽ ഡിഎഫ് സ്ഥാനാർഥി ജോളി മടുക്കക്കുഴി നല്‍കിയ പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് 12 -ാം വാർഡിലെ ഒന്നാം ബൂത്തിലെ വോട്ട് വീണ്ടും എണ്ണി.
ഇതോടെ ജയിച്ച യുഡിഎഫ് സ്ഥാനാർഥി തോമസ് കുന്നപ്പള്ളിയുടെ ഭൂരിപക്ഷം 135 ആയി കുറഞ്ഞു. പോളിംഗ് സമയത്ത് ബൂത്തിലെ ഒരു ബാലറ്റ് മെഷീൻ കേടായിരുന്നു. തുടർന്ന് മറ്റൊരു മെഷീൻ ഉപയോഗിച്ചാണ് വോട്ടിംഗ് പൂർത്തീകരിച്ചത്. എന്നാല്‍ കൗണ്ടിംഗ് സമയത്ത് ശ്രദ്ധിക്കാതെ ആദ്യത്തെ മെഷീനിലെ വോട്ട് മാത്രമാണ് എണ്ണിയത്.
ആദ്യത്തെ ബാലറ്റ് മെഷീനില്‍ നിന്നും ജോളി മടുക്കക്കുഴിക്ക് 115 വോട്ടും തോമസ് കുന്നപ്പള്ളിക്ക് 53 വോട്ടും ബിജെപി സ്ഥാനാർഥി കെ.വി.നാരായണന് 22 വോട്ടുമാണ് ലഭിച്ചത്. എന്നാല്‍ ചൊവ്വാഴ്ച രണ്ടാമത്തെ മെഷീനിലെ വോട്ടുകള്‍ എണ്ണിയപ്പോള്‍ ജോളി മടുക്കക്കുഴിക്ക് ആകെ 396 വോട്ടും തോമസ് കുന്നപ്പള്ളിക്ക് 168 വോട്ടും ബിജെപി സ്ഥാനാർഥി കെ.വി.നാരായണന് 47 വോട്ടുകളും ലഭിച്ചു.
ഇതോടെ വിജയിച്ച യുഡിഎഫ് സ്ഥാനാർഥി തോമസ് കുന്നപ്പള്ളിക്ക് ലഭിച്ച 295 വോട്ടിന്റെ ഭൂരിപക്ഷം 135 ആയി കുറഞ്ഞു. ഇതുപോലെ വെള്ളൂർ, നെടുംകുന്നം സെന്ററുകളിലും റീ കൗണ്ടിംഗ് വേണമെന്ന് ആവശ്യപ്പെട്ട് ജോളി മടുക്കക്കുഴി ജില്ലാ കളക്ടർക്ക് പരാതി നല്‍കി.













































































