ബെംഗളൂരു : എഞ്ചിനീയറിംഗ്, മെഡിക്കൽ കോളേജുകളിലെ വിദ്യാർത്ഥികൾക്ക് കഞ്ചാവ് ചേർത്ത ജെല്ലി മിഠായികൾ വിറ്റ രണ്ട് പേരെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു . പോലീസ് നടത്തിയ ഒരു റെയ്ഡിനിടെയാണ് മുഹമ്മദ് സാഹിദ്, ഇസ്മായിൽ അദ്നാൻ എന്നിവരെ ബ്യാതരായണപുര പിടികൂടിയത്. ഈ റെയ്ഡിനിടെ ഏകദേശം 3 ലക്ഷം രൂപ വിലമതിക്കുന്ന 1,440 ഗ്രാം കഞ്ചാവും പോലീസ് പിടിച്ചെടുത്തതായും റിപ്പോർട്ടുണ്ട് . കൂടാതെ പ്രതികൾ കഞ്ചാവ് സത്ത് ചേർത്ത ജെല്ലി മിഠായികൾ നിർമ്മിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
ഇത്തരത്തിൽ മയക്കുമരുന്ന് ചേർത്ത മിഠായികൾ ഒരു പാക്കറ്റിന് 6,000 രൂപ വരെയാണ് പ്രതികൾ ഈടാക്കിയിരുന്നത്. ഇത് മറ്റുചില ലഹരി വസ്തുക്കളെക്കാൾ ശക്തമാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു മംഗളൂരു ആസ്ഥാനമാക്കിയാണ് ഈ റാക്കറ്റ് പ്രവർത്തിക്കുന്നതെന്ന് പോലീസ് സംശയിക്കുന്നു. കഞ്ചാവ് കലർന്ന ഈ ജെല്ലികളുടെ ഉത്പാദന സ്ഥലം കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.