പത്ത് വര്‍ഷത്തെ ഭരണം ജനം വിലയിരുത്തുമെന്നും, കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സീറ്റുകൾ എൽഡിഎഫ് നേടുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
മാറാട് കലാപവുമായി ബന്ധപ്പെട്ട് സിപിഎം നേതാവും മുൻ മന്ത്രിയുമായ എ.കെ.ബാലൻ നടത്തിയ വിവാദ പ്രസ്താവനയെ മുഖ്യമന്ത്രി ന്യായീകരിച്ചു.
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ആഭ്യന്തരവകുപ്പ് ജമാഅത്തെ ഇസ്ലാമിക്കായിരിക്കുമെന്നും മാറാട് കലാപം ആവർത്തിക്കുമെന്നുമാണ് എ.കെ. ബാലൻ നടത്തിയ പ്രസ്താവന. വർഗീയ സംഘർഷ കാലത്തെയാവാം ബാലൻ ഓർമിപ്പിച്ചതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
കേരളത്തിന്റെ അനുഭവം ചൂണ്ടിക്കാണിക്കുന്നത് എങ്ങനെയാണ് ന്യൂനപക്ഷ വോട്ട് ഏകീകരണം ആകുകയെന്നും പിണറായി ചോദിച്ചു. കലാപങ്ങളില്ലാത്ത നാടായി കേരളം മാറി. അങ്ങനെയല്ലാത്ത സംസ്ഥാനത്തിന്റെ ഒരു കാലത്തെയാണ് ബാലൻ ഓർമിപ്പിച്ചതെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
യുഡിഎഫ് വർഗീയതയ്ക്ക് കീഴ്പെട്ടിരിക്കുന്നു. മാറാട് കലാപത്തെ തുടർന്ന് പി.കെ. കുഞ്ഞാലിക്കുട്ടി സംഭവ സ്ഥലം സന്ദർശിക്കാൻ പാടില്ലെന്ന് ആർഎസ്‌എസ് നിബന്ധന വച്ചിരുന്നതായും അന്നത്തെ മുഖ്യമന്ത്രി എ.കെ.ആന്റണി അത് അംഗീകരിച്ചതായും പിണറായി വിജയൻ ആരോപിച്ചു.
എന്തിനാണ് കേരളത്തിന്റെ മുഖ്യമന്ത്രി അന്ന് അങ്ങനെയൊരു നിലപാട് സ്വീകരിച്ചതെന്ന് ചോദിച്ച പിണറായി, അതാണ് യുഡിഎഫിന്റെ രീതിയെന്നും അഭിപ്രായപ്പെട്ടു. യുഡിഎഫ് വർഗീയതയെ എങ്ങനെ സമീപിക്കുന്നുവെന്നതാണ് എ.കെ. ബാലൻ പ്രസ്താവനയിലൂടെ ഉദ്ദേശിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇത്തരത്തിലൊരു സാഹചര്യമുണ്ടായാല്‍ യുഡിഎഫ് എങ്ങനെ പ്രവർത്തിക്കുമെന്നാണ് ബാലൻ പറയാൻ ശ്രമിച്ചതെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.















































































