ബുധനാഴ്ച രാത്രി 9.16ന് ആലപ്പുഴ വലിയ ചുടുകാട്ടിൽ ഔദ്യോഗികബഹുമതികളോടെ സംസ്കാരം നടന്നു. മകൻ അരുൺകുമാർ ചിതയ്ക്ക് തീകൊളുത്തി. നേരത്തെ നിശ്ചയിച്ചതിൽ നിന്നും 5 മണിക്കൂർ വൈകിയാണ് സംസ്കാര ചടങ്ങുകൾ നടന്നത്. അവസാനമായി വിഎസിനെ ഒരുനോക്കു കാണാൻ ജന സാഗരമാണ് ആലപ്പുഴയിലേക്ക് ഒഴുകിയെത്തിയത്. വിഎസിന്റെ വീടായ വേലിക്കകത്തു വീട്ടിലും സിപിഎം ആലപ്പുഴ ഡിസി ഓഫീസിലും ബിച്ച് റിക്രിയേഷൻ ഗ്രൌണ്ടിലുമുള്ള പൊതു ദർശനത്തിൽ മുദ്രാവാക്യം വിളികളോടെ പ്രിയ നേതാവിനെക്കാണാൻ ജനങ്ങൾ എത്തി.

രാത്രി എട്ട് മണിക്ക് ശേഷമാണ് വിഎസിന്റെ ഭൗതിക ദേഹം റിക്രിയേഷൻ ഗ്രൗണ്ടിൽ വലിയ ചുടുകാട്ടിലേക്ക് കൊണ്ടു പോയത്. തുടർന്ന് സംസ്കാര ചടങ്ങുകൾക്ക് ശേഷം ആലപ്പുഴ വലിയ ചുടുകാട്ടിൽ കേരളം കണ്ട ഏറ്റവും മഹാനായ സമര സഖാവിന്റെ ഭൗതിക ദേഹവും അഗ്നി ഏറ്റുവാങ്ങി. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മറ്റു മന്ത്രിമാർ. സിപിഎം നേതാക്കളടക്കമുള്ള രാഷ്ട്രീയ പ്രവർത്തകർ എന്നവർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു.
