കോട്ടയം: കോട്ടയം നഗരസഭ പാറമ്പുഴ വാർഡിൽ വിജയിച്ച എൽ ഡി എഫ് സ്ഥാനാർത്ഥി ജോജി കുറത്തിയാടനെയും സഹോദരനെയും അക്രമിച്ചതായി പരാതി. യു ഡി എഫ് നേതൃത്വത്തിലാണ് ആക്രമണം അഴിച്ചു വിട്ടതെന്ന് എൽഡിഎഫ് ആരോപിച്ചു.
കാലങ്ങളായി യു ഡി എഫിൻ്റെ കൈവശം ഇരുന്ന സീറ്റാണ് എൽ ഡി എഫിൻ്റെ മികവാർന്ന പ്രവർത്തനത്തിലൂടെ 305 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ തിരിച്ചു പിടിച്ചത്. ഇവിടെ മത്സരിച്ചതാകട്ടെ കോൺഗ്രസ്സിൻ്റെ മണ്ഡലം പ്രസിഡൻ്റും. സ്വന്തം വാർഡിൽ ഇത്രയധികം വോട്ടിന് തോൽക്കുമ്പോൾ സ്വാഭാവികമായും അണികൾക്ക് വിഷമമുണ്ടാകുമെന്നും , ഇതിൻ്റെ പേരിൽ അക്രമം നടത്തുന്നത് അപലപനീയം ആണെന്നും എൽ ഡി എഫ് കുറ്റപ്പെടുത്തുന്നു.
എൽ ഡി എഫ് സ്ഥാനാർത്ഥിക്കെതിരെ ഇന്ന് നടന്ന അക്രമണത്തിൽ ശക്തമായി പ്രതിക്ഷേധിക്കുന്നതായും യോഗം കുറ്റപ്പെടുത്തി. എല്ലാ ജനാധിപത്യ വിശ്വാസികളും ഇത്തരം തെമ്മാടിത്തത്തിനെതിരെ മുന്നോട്ട് വരണമെന്നും അഭ്യർത്ഥിച്ചു. സി പി എം ഏരിയ കമ്മിറ്റി അംഗം അംഗം വി ആർ പ്രസാദ് യോഗം ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി എം യു തോമസ്, വാർഡ് സെക്രട്ടറി ടി ഗോപകുമാർ എന്നിവർ സംസാരിച്ചു.














































































