കർണാടക- കൊങ്കൺ തീരത്തോടു ചേർന്നു രൂപപ്പെടുന്ന ന്യൂനമർദ്ദത്തെ തുടർന്നു കർണാടകയിലും വടക്കൻ കേരളത്തിലും മഴ ശക്തമാകും.
കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ മഞ്ഞ അലർട്ടും കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചു.
ഈ വർഷത്തെ ഇടവപ്പാതി കേരളത്തിലേക്കു പ്രവേശിക്കാനുള്ള അനുകൂല അന്തരീക്ഷ സാഹചര്യമാണു നിലവിലുള്ളത്.
ഇന്നലെ കാലവർഷം തെക്കൻ അറബിക്കടലിന്റെ കൂടുതൽ ഭാഗങ്ങളിലും ശ്രീലങ്കയുടെ വടക്കൻ മേഖലയിലും വ്യാപിച്ചു. കാലവർഷത്തിന്റെ ഭാഗമായുള്ള പടിഞ്ഞാറൻ കാറ്റ് (westerly Jet) തെക്കൻ കേരളത്തിലും തമിഴ്നാട്ടിലും ഇന്നു വ്യാപിക്കും. ഇതോടെ തെക്കൻ ജില്ലകളിലും ഇന്നു മഴ ശക്തമാകാൻ സാധ്യത.
ഈ മാസം 27നു കാലവർഷം കേരളത്തിൽ എത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ), കൊല്ലം (ആലപ്പാട് മുതൽ ഇടവ വരെ), തൃശൂർ (ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ) ജില്ലകളിൽ ഇന്നു രാത്രി 11.30 വരെ 0.3 മുതൽ 0.7 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിനു സാധ്യതയുണ്ടെന്നു ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
കന്യാകുമാരി തീരത്തും രാത്രി11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി 0.7 മുതൽ 0.8 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിനു സാധ്യതയുണ്ടെന്നു ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
കടലാക്രമണത്തിനു സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കാൻ നിർദേശം.