ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെയുടെ ആരോഗ്യനിലയിൽ ആശങ്ക. അർബുദരോഗം മൂർച്ഛിച്ചതായും രോഗം വൃക്കയെയും ഹൃദയത്തെയും ബാധിച്ചതായും ഡോക്ടർമാർ അറിയിച്ചു. കഴിഞ്ഞ നവംബർ മുതൽ പെലെ ആശുപത്രിയിൽ പ്രത്യേക പരിചരണത്തിലാണ്. പെലെയെ ശ്വാസകോശസംബന്ധമായ അണുബാധയെ തുടർന്നും, ചികിത്സ പുനപരിശോധിക്കാനുമാണ് നവംബർ മുതൽ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇത്തവണ ക്രിസ്മസിന് ആശുപത്രിയിൽ തുടരേണ്ടി വരുമെന്ന് ബന്ധുക്കൾ അറിയിച്ചു. "ഞങ്ങളുടെ വീട്ടിലെ ക്രിസ്മസ് താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു"- പെലെയുടെ മകൾ കെലി നാസിമെന്റോ ഇൻസ്റ്റഗ്രാമിൽ പറഞ്ഞു.
