അഴിക്കോട് നിയമസഭാ തിരഞ്ഞെടുപ്പ് കേസിൽ മുസ്ലീം ലീഗ് നേതാവ് കെ.എം. ഷാജിയെ അയോഗ്യനാക്കിയ കേരള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് അതിന്റെ അധികാരപരിധിക്ക് പുറത്താണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഷാജിക്കെതിരെ ഹൈക്കോടതി നടത്തിയ കണ്ടെത്തലുകൾ നിലവിലെ സാഹചര്യത്തിൽ പ്രസക്തമല്ലെന്നും അവ പരിശോധിക്കുന്നതിലേക്ക് കോടതി കടക്കുന്നില്ലെന്നും വ്യക്തമാക്കി.
ഇതോടെ കെ.എം. ഷാജിക്ക് മേൽ ഉണ്ടായിരുന്ന വിലക്ക് നീങ്ങി, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അദ്ദേഹത്തിന് തടസമില്ല. ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കെ.എം. ഷാജി നൽകിയ അപ്പീലിനൊപ്പം, ഷാജിക്കെതിരെ എം.വി. നികേഷ് കുമാർ സമർപ്പിച്ച ഹർജിയും കോടതി പരിശോധിച്ചു.
തിരഞ്ഞെടുപ്പ് ഹർജിയിലെ മറ്റ് ആവശ്യങ്ങൾ അപ്രസക്തമായെങ്കിലും, ഹൈക്കോടതി വിധിച്ച ആറുവർഷത്തെ അയോഗ്യത നിലനിറുത്തണമെന്നായിരുന്നു നികേഷ് കുമാറിന്റെ വാദം. എന്നാൽ, നേരത്തെ തന്നെ ഹൈക്കോടതി വിധിച്ച അയോഗ്യത സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നതായും, ഇപ്പോഴത്തെ വിധിയോടെ ആ ഉത്തരവ് പൂർണമായി റദ്ദായതായും കോടതി വ്യക്തമാക്കി.














































































