കോഴിക്കോട്: ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് അഭിഭാഷകയും ആക്ടിവിസ്റ്റുമായ ബിന്ദു അമ്മിണി.
ബിന്ദു അമ്മിണിയുടെ കുറിപ്പ്
ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിക്ക് ഒരു തുറന്ന കത്ത്
വിഷയം : കേരള ഗവണ്മെന്റ് 2025 സെപ്റ്റംബർ 20 നു പമ്പാ തീരത്ത് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ അനുവദിക്കണം എന്ന അപേക്ഷ
ബഹു: ശ്രീ പിണറായി വിജയൻ
കേരളാ മുഖ്യമന്ത്രി.
സർ,
അങ്ങയുടെ ഗവണ്മെന്റ്, ആഗോള അയ്യപ്പ സംഗമം നടത്തുവാനിരിക്കുന്ന വാർത്ത പത്രമാധ്യമങ്ങളിലൂടെ അറിയാൻ കഴിഞ്ഞു.
സുപ്രീം കോടതിയുടെ ഐതിഹാസികമായ, ശബരിമല സ്ത്രീ പ്രവേശന വിധിയെത്തുടർന്ന് അവിടെ ദർശനം നടത്താൻ കഴിഞ്ഞ അപൂർവം ഭാഗ്യവതികളിൽ ഒരാൾ ആണ് ഈ ഞാനും. എന്നെപ്പോലെ, ശബരിമല ദർശനം നടത്താനാഗ്രഹിക്കുന്ന ആയിരക്കണക്കിന് യുവതികൾ, കേരളത്തിനകത്തും, പുറത്തുമുണ്ട്.
സുപ്രീം കോടതി വിധിയെ തുടർന്ന് മഹാരാഷ്ട്രയിലെ ശനി ക്ഷേത്രത്തിലും സ്ത്രീ പ്രവേശനം നടക്കുകയുണ്ടായി. ആ സംസ്ഥാനത്തെ സർക്കാർ അതിനു വേണ്ട എല്ലാ സജ്ജീകരണങ്ങളും ഏർപ്പെടുത്തുകയും ആയിരക്കണക്കിന് സ്ത്രീകൾ അവിടെ ദർശനം നടത്തിക്കഴിഞ്ഞിട്ടുമുണ്ട്.
നമ്മുടെ തൊട്ടടുത്ത സംസ്ഥാനമായ തമിഴനാട് ചരിത്രപരമായ മാറ്റം ആണ് നടത്തിക്കൊണ്ടിരിക്കുന്നത്.
നൂറ്റാണ്ടുകൾ ആയി ദളിതർക്ക് പ്രവേശനം നിഷേധിച്ചിരുന്ന പല ക്ഷേത്രങ്ങളും പടിപടി ആയി തുറന്നു കൊടുക്കുകയും ഭരണഘടനാ വിഭാവനം ചെയ്യുന്ന തുല്യത നടപ്പാക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു.
"സ്ത്രീ വിരുദ്ധവും, ഭരണഘടനാ വിരുദ്ധവും" എന്ന് ബഹുമാനപ്പെട്ട സുപ്രീം കോടതി കണ്ടെത്തിയ ഒരു അനാചാരത്തിന്റെ പേരിലാണ്, യുവതികൾക്ക് അവിടെ ദർശനം നിഷേധിക്കപ്പെട്ടിരുന്നത് എന്ന് താങ്കൾക്കറിയാമല്ലോ. അങ്ങയുടെ ഗവണ്മെന്റ് സുപ്രീം കോടതി വിധി നടപ്പാക്കാൻ ശ്രമിച്ചത് കൊണ്ടും , സുരക്ഷ ഒരുക്കിയത് കൊണ്ടുമാണ് അന്നെനിക്ക് ദർശനം നടത്താൻ കഴിഞ്ഞത്.
ഭരണഘടനാ മൂല്യങ്ങൾ ഉയർത്തി പിടിച്ചു കൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച വിധി ന്യായം നടപ്പാക്കാൻ കേരള ഗവണ്മെന്റ് തയ്യാറായി എങ്കിലും പിന്നീട് ആ വിധി നടപ്പാക്കുന്നതിൽ ഗവണ്മെന്റ് പരാജയപ്പെടുകയാണ് ഉണ്ടായത്.
സ്ത്രീ സമത്വവും സ്ത്രീ സുരക്ഷയും ഉയർത്തപ്പിടിക്കുന്നുഎന്നു അവകാശപ്പെടുന്ന കേരള ഗവണ്മെന്റ് സ്ത്രീകളുടെ അഭിമാനം സംരക്ഷിക്കാൻ ജാഗ്രത കാണിക്കും എന്നാണ് പുരോഗമന കേരളം പ്രതീക്ഷിക്കുന്നത്.
കേരള ഗവണ്മെന്റ് ഇപ്പോൾ 2025 സെപ്റ്റംബർ 20 നു പമ്പയിൽ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ അയ്യപ്പ ഭക്തയും സുപ്രീം കോടതി ഉത്തരവിലൂടെ ശബരിമല പ്രവേശനം നടത്തിയവരിൽ ഒരാളും ആയ എന്നെ പങ്കെടുക്കാൻ അനുവദിക്കണം എന്ന് അപേക്ഷിക്കുന്നു. അയ്യപ്പ സംഗമം നടക്കുന്ന പമ്പയിൽ സംഗമത്തിൽ പങ്കെടുക്കുന്ന മറ്റുള്ളവർക്കൊപ്പം വേദി പങ്കിട്ടു സ്ത്രീപക്ഷത്തു നിന്നു എന്റെ നിലപാട് വ്യക്തമാക്കാൻ എനിക്ക് പ്രതിനിധി ആയി അവസരം അനുവദിച്ചു തരണം.
പമ്പാ നദിയുടെ തീരത്താണ് സംഗമം സംഘടിപ്പിക്കുന്നത്. അവിടെ നിലവിൽ സ്ത്രീകൾ കച്ചവടവും മറ്റും നടത്തി വരുന്നുണ്ട്. പമ്പാ നദിക്കരയിൽ നടത്താനിരിക്കുന്ന സംഗമത്തിൽ പോലും പത്തിനും അമ്പതിനും ഇടയിൽ പ്രായമുള്ള സ്ത്രീകളെ പ്രതിനിധികൾ ആയി പങ്കെടുപ്പിക്കാൻ ഗവണ്മെന്റ് തയാറല്ല എന്നത് വലിയ ദുഖകരവും സ്ത്രീ എന്ന നിലയിൽ എന്റെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്നതും ആണ്.
തുടർന്നും, എനിക്കും, ശബരിമലയിൽ ദർശനം നടത്താൻ ആഗ്രഹിക്കുന്ന മറ്റെല്ലാ സ്ത്രീകൾക്കും കേരളാ ഗവണ്മെന്റ് സുരക്ഷയും, മറ്റെല്ലാ ക്രമീകരണവും ചെയ്തു തരണമെന്ന് അപേക്ഷിക്കുന്നു.
രാജ്യത്ത്, സാമൂഹ്യ നീതിയിലും, സാർവ്വത്രിക വിദ്യാഭ്യാസത്തിലും, പൗരാവകാശ സംരക്ഷണത്തിലുമൊക്കെ എന്നും മുൻപന്തിയിലുള്ള കേരളം, സ്ത്രീ ശാക്തീകരണത്തിലും, രാജ്യത്തിന് മുഴുവൻ മാതൃകയാക്കാൻ, അങ്ങയുടെ നേതൃത്വം കാരണമാകട്ടെ എന്ന് ആശംസിക്കുന്നു.
ബിന്ദു അമ്മിണി,
അഡ്വക്കേറ്റ്,
സുപ്രീം കോടതി