കുവൈറ്റിൽ നിന്നും ശ്രീലങ്കൻ എയർവെയ്സിൽ തിരുവനന്തപുരത്ത് എത്തിയ വിമാനയാത്രക്കാർക്ക് ലഗേജുകലഭിച്ചില്ലെന്ന് പരാതി.ഇന്ന് രാവിലെ 9:20 ഓടെ കുവൈറ്റിൽ നിന്നും കൊളംബോ വഴി തിരുവനന്തപുരത്ത് എത്തിയ UL 0161 എന്ന വിമാനത്തിലെ നൂറോളം യാത്രക്കാർക്കാണ് ലഗേജുകൾ ശ്രീലങ്കൻ എയർവെയ്സ് പിഴവ് മൂലം ലഭിച്ചില്ലെന്ന പരാതി ഉയർന്നിരിക്കുന്നത്.തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാർ വിഷയത്തിൽ പ്രതിഷേധമുയർത്തി എങ്കിലും നടപടികളൊന്നും ഉണ്ടായിട്ടുമില്ല.എന്നാൽ വിഷയം സംബന്ധിച്ച് യാതൊരു ഔദ്യോഗീക വിവരങ്ങളും ശ്രീലങ്കൻ എയർവെയ്സ് അധികൃതർ തങ്ങളുമായി പങ്കുവെച്ചില്ല എന്നും യാത്രക്കാർ ആരോപിക്കുന്നു.
കുവൈറ്റിൽ നിന്ന് കൊളംബോയിൽ എത്തി ഇവിടെ നിന്ന് മറ്റൊരു വിമാനത്തിലാണ് തിരുവനന്തപുരത്തേക്ക് യാത്ര സൗകര്യം ഒരുക്കിയിരുന്നത്.കൊളംബോയിൽ നിന്നും ഉള്ള വിമാനത്തിൽ ആരുടെയും ലഗേജുകൾ കേറ്റിയില്ല എന്നുള്ള വിവരം ആണ് യാത്രക്കാർക്ക് ലഭിച്ചിരിക്കുന്നത്.അടുത്ത ദിവസം തന്നെ ലഗേജുകൾ വീട്ടിലെത്തിക്കാം എന്നാണ് ഇവർ ഉറപ്പ് പറയുന്നതെങ്കിലും ഔദ്യോഗിക വിശദീകരണം നൽകാത്തതിനാൽ ആശങ്കയിലാണ് യാത്രക്കാർ.അടിയന്തര ആവശ്യങ്ങളുമായി നാട്ടിൽ എത്തിയിരിക്കുന്ന യാത്രക്കാർക്ക് തങ്ങളുടെ ഏറ്റവും പ്രധാന സാധനങ്ങൾ പോലും ലഗേജ് ബാഗുകളിൽ ഉൾപ്പെട്ടിരിക്കുന്നതിനാൽ ഏറെ ബുദ്ധിമുട്ടിലായിരിക്കുകയാണെന്നും യാത്രക്കാർ പറയുന്നു.