മുംബൈ: മഹാരാഷ്ട്രയിലെ ഫാർമസ്യൂട്ടിക്കൽ ഫാക്ടറിയിലുണ്ടായ വാതക ചോർച്ചയിൽ നാല് പേർക്ക് ദാരുണാന്ത്യം. കൽപേഷ് റൗട്ട്, താക്കൂർ, ധീരജ് പ്രജാപതി, കമലേഷ് യാദവ് എന്നിവരാണ് മരിച്ചത്. രണ്ട് പേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. രോഹൻ ഷിൻഡെ, നിലേഷ് ഹദൽ എന്നിവർക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഇവരുടെ നില ഗുരുതരമായി തുടരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇവർ ബോയ്‌സാറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
മെഡ്‌ലി ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് ഫാക്ടറിയിലാണ് വാതകം ചോർന്നത്. 'ഫാക്ടറിയിൽ വാതകം ചോർന്നപ്പോൾ തൊഴിലാളികൾ ഒരാളെ രക്ഷിക്കാൻ പോയി. തുടർന്നായിരുന്നു അപകടം. രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു', മരിച്ചയാളുടെ സുഹൃത്ത് രാധേയ് സിംഗ് പറഞ്ഞു. സ്ഥിതി ഗുരുതരമായി തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് വിവരം. ചോർച്ചയുടെ കാരണം കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്.