ഞായറാഴ്ച അഞ്ചേകാലോടെ സംസ്ഥാന പാതയില്‍ മിനർവപ്പടിക്ക് സമീപമാണ് സംഭവം.
റാന്നി താലൂക്കാശുപത്രിയുടെ പുതിയ കെട്ടിട നിർമാണ ഉദ്ഘാടനം കഴിഞ്ഞ് മടങ്ങവെ മന്ത്രി വീണ ജോർജിന്‍റെ കാറിന് മുന്നിലേക്ക് കരിങ്കൊടിയും മുദ്രാവാക്യം വിളികളുമായി എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ കണ്ട് മന്ത്രി കാർ നിർത്തി ക്ഷോഭത്തോടെ പുറത്തിറങ്ങി. പൊലീസിനോട് മാറി നില്‍ക്കാൻ ആവശ്യപ്പെട്ട മന്ത്രി താൻ കൈകാര്യം ചെയ്യാമെന്ന നിലപാടിലായി. തുടർന്ന് പ്രവർത്തകരുമായി വാക്കേറ്റമായി.
പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
പിന്നീട് റാന്നി പോലീസ് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്ത് രണ്ട് മണിക്കൂറിനുശേഷം ജാമ്യത്തില്‍ വിട്ടു. തങ്ങളെ റിമാൻഡ് ചെയ്യാൻ ജില്ല പൊലീസ് മേധാവി നിർദേശിച്ചതായി യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ പറഞ്ഞു. ആന്‍റോ ആൻറണി എം.പിയും മറ്റൊരു പരിപാടിക്ക് ജില്ലയിലുണ്ടായിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയും ഇടപെട്ടതിനെ തുടർന്നാണ് വിട്ടയച്ചത്. മന്ത്രിയുമായി തർക്കം നടന്നപ്പോള്‍ ഏതാനും പൊലീസുകാർ മാത്രമേ സ്ഥലത്ത് ഉണ്ടായിരുന്നുള്ളു. യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് വിജയ് ഇന്ദുചൂഡന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സംസ്ഥാന സെക്രട്ടറി സാംജി ഇടമുറി, റാന്നി മണ്ഡലം പ്രസിഡന്റ് റിജോ റോയി തോപ്പില്‍, ഭാരവാഹികളായ ആരോണ്‍ ബിജിലി പനവേലില്‍, ജെറിൻ പ്ലാച്ചേരില്‍ എന്നിവർ പങ്കെടുത്തു