മൂലക്കണ്ടി എം. ശ്രീജയ(70), എം. പുഷ്പലളിത(66) എന്നിവരെയാണ് രണ്ട് മുറികളിലായി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഒപ്പം താമസിച്ചിരുന്ന സഹോദരനായ എം. പ്രമോദ്(62)നെ കാണാതായി. ഇയാള്‍ക്കുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി. കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമികനിഗമനം. ഇതിന്റെ അടിസ്ഥാനത്തിലാണ് സഹോദരനായുള്ള അന്വേഷണം ഊർജിതമാക്കിയത്.
ശനിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. പ്രമോദ് പുലർച്ചെ അഞ്ചുമണിയോടെ അത്താണിക്കലിലുള്ള ബന്ധുവിനോട് സഹോദരി മരിച്ചിട്ടുണ്ടെന്ന് വിളിച്ച് അറിയിച്ചിരുന്നു. രാവിലെ എട്ട് മണിയോടെ ബന്ധുക്കള്‍ എത്തിയപ്പോള്‍ വീടിന്റെ വാതില്‍ ചാരിയിട്ട നിലയിലായിരുന്നു. തുറന്നുനോക്കിയപ്പോള്‍ രണ്ടുമുറികളിലായി രണ്ടുപേർ മരിച്ചുകിടക്കുന്നതായി കണ്ടു. നിലത്ത് കിടക്കയില്‍ കിടത്തിയശേഷം വെള്ളത്തുണികൊണ്ട് പുതപ്പിച്ച നിലയിലായിരുന്നു രണ്ടുപേരും. ബന്ധുക്കളെത്തുമ്പോഴേക്കും പ്രമോദ് സ്ഥലം വിട്ടിരുന്നു. സമീപത്ത് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് അയല്‍വാസികളെ വിവരം അറിയിക്കുകയായിരുന്നു. ഉടനെ ചേവായൂർ പോലീസിലും വിവരം അറിയിച്ചു.
മരിച്ച രണ്ടുപേർക്കും ശാരീരികമായ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. ശ്രീജയ കോവിഡിനുശേഷം തളർന്നു കിടക്കുകയായിരുന്നു. അവിവാഹിതരായ മൂന്നു പേരും മൂന്ന് വർഷത്തോളമായി ഫ്ലോറിക്കൻ റോഡിലെ വീട്ടില്‍ താമസിച്ചുവരുകയായിരുന്നു. നേരത്തേ നടക്കാവ് ഇംഗ്ലീഷ് പള്ളിയ്ക്ക് സമീപവും പിന്നീട് വേങ്ങേരിയിലുമാണ് ഇവർ താമസിച്ചിരുന്നത്. ശ്രീജയ ആരോഗ്യവകുപ്പില്‍നിന്ന് വിരമിച്ചതാണ്. ഇവരുടെ പെൻഷനിലാണ് മൂവരും ജീവിച്ചിരുന്നത്. പ്രമോദ് ഇലക്‌ട്രിക്കല്‍ ജോലികള്‍ക്കുപുറമേ ലോട്ടറിവില്‍പ്പനയും നടത്തിയിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു.
സഹോദരനെ കണ്ടെത്തുന്നതിനായി അന്വേഷണം ഊർജിതമാക്കിയതായി ഡിസിപി അരുണ്‍ കെ. പവിത്രൻ പറഞ്ഞു. പോലീസും ഡോഗ് സ്ക്വാഡും ഫൊറൻസിക് വിഭാഗവും എത്തി പരിശോധന നടത്തി. മെഡിക്കല്‍കോളേജ് അസിസ്റ്റന്റ് കമ്മിഷണർ എ. ഉമേഷ്, ചേവായൂർ ഇൻസ്പെക്ടർ ടി. മഹേഷ് തുടങ്ങിയവരും സംഭവസ്ഥലത്തെത്തി. പരേതരായ അപ്പുട്ടിയുടെയും യശോദയുടെയും മക്കളാണ്. സഹോദരങ്ങള്‍: വാസന്തി, ബാബു.
നോക്കാൻ വയ്യ, മടുത്തിട്ടുണ്ട്. കരിക്കാംകുളത്തെ രണ്ട് സഹോദരിമാർ മരിച്ച സംഭവത്തില്‍ കാണാതായ സഹോദരൻ പ്രമോദ് നാട്ടുകാരോട് നേരത്തേ ഇങ്ങനെ പറഞ്ഞിരുന്നതായി ചേവായൂർ പോലീസ്. ഇരുവരുടെയും എല്ലാകാര്യങ്ങളും നോക്കിയിരുന്നത് പ്രമോദായിരുന്നു. ആരും സഹായിക്കാനില്ലാത്തതിന്റെ മാനസികസംഘർഷത്തെത്തുടർന്നാകാം ഇങ്ങനെ ചെയ്തതെന്നാണ് പോലീസ് കരുതുന്നത്.
ദുരൂഹ കൊലപാതകത്തില്‍ ഞെട്ടിയിരിക്കുകയാണ് കരിക്കാംകുളം. മരിച്ചവരുടെ ബന്ധുവന്ന് വിളിച്ചപ്പോഴാണ് സംഭവം അറിയുന്നത്. വന്നുനോക്കിയപ്പോള്‍ സങ്കടപ്പെടുത്തുന്ന കാഴ്ചയായിരുന്നെന്നാണ് ആദ്യം മൃതദേഹങ്ങള്‍ കണ്ട അയല്‍വാസിയായ അരുണ്‍ പറഞ്ഞത്. തലേദിവസവും സമീപത്ത് താമസിച്ചിരുന്നവർ പ്രമോദിനെ കണ്ടിട്ടുണ്ട്. പ്രമോദിന്റെ ഫോണ്‍ ലൊക്കേഷൻ ഫറോക്കാണെന്ന സൈബർ സെല്ലിന്റെ പരിശോധനയില്‍ തെളിഞ്ഞതോടെ ഇവിടെ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.