സമയവും റൂട്ടും അറിയാതെ ദീർഘ നേരം ബസിനായി ഇനി കാത്തിരിക്കേണ്ട ആവശ്യം ഇല്ല. ഇനി മുതൽ കെഎസ്ആർടിസി സർവീസുകളുടെ റൂട്ടും സമയവും ഗൂഗിൾ മാപ്പിൽ അറിയാം. ഈ വിവരങ്ങൾ എല്ലാം മാപ്പിൽ ഉൾപ്പെടുത്താൻ തീരുമാനമായി. നേരത്തെ ബസ് എത്തുന്ന കൃത്യസമയം അറിയാത്തതിനാൽ ദീർഘനേരം ബസിനായി കാത്തിരിക്കേണ്ട അവസ്ഥയുണ്ടായിരുന്നു. ഇത്തരത്തിലുണ്ടാകുന്ന സമയ നഷ്ടത്തിനും മറ്റ് ബുദ്ധിമുട്ടുകൾക്കും പുതിയ തീരുമാനത്തിലൂടെ പരിഹാരമാകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.

നിങ്ങളുടെ ഹാൻഡ് സെറ്റിൽ നോക്കി വളരെ എളുപ്പത്തിൽ തന്നെ ബസ്
ഏത് സമയത്ത് വരുമെന്നും ഏത് റൂട്ടിലാണ് ഇപ്പോൾ സർവ്വീസെന്നും അറിയാൻ സാധിക്കും. ഗൂഗിൾ മാപ്പിൽ
പബ്ലിക് ട്രാൻസ്പോർട്ടിലാണ് ഈ വിവരങ്ങൾ ലഭ്യമാകുക. യാത്ര ചെയ്യേണ്ട സ്ഥലം
സംബന്ധിച്ച വിവരങ്ങൾ നൽകിയാൽ ആ റൂട്ടിലെ കെഎസ്ആർടിസി ബസ് സംബന്ധിച്ച വിവരങ്ങൾ സമയം
ഉൾപ്പെടെ ലഭിക്കും. സിറ്റി സർക്കുലർ സർവീസുകളുടെ വിവരം പൂർണമായും ഉൾപ്പെടുത്തിയ
ശേഷമാകും ദീർഘദൂര സ്വിഫ്റ്റ് സർവീസുകളുടെ വിവരങ്ങൾ ചേർക്കുക. ശേഷം മുഴുവൻ
കെഎസ്ആർടിസി ബസ്സുകളുടേയും റൂട്ട് ഗൂഗിൾ മാപ്പിൽ ഉൾപ്പെടുത്തും.