പാട്‌ന: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിഹാറില്‍ സ്ത്രീകള്‍ക്ക് വ്യാപാരം തുടങ്ങാന്‍ സാമ്പത്തിക സഹായവുമായി ബിഹാര്‍ സര്‍ക്കാര്‍. മുഖ്യമന്ത്രി മഹിളാ റോസ്ഗര്‍ യോജനയുടെ കീഴില്‍ 75 ലക്ഷം സ്ത്രീകള്‍ക്ക് ആദ്യ ഘട്ടമെന്ന നിലയില്‍ 7500 കോടി രൂപ പ്രധാനമന്ത്രി നരേന്ദ്ര മോദി കൈമാറും.
നാളെ പാട്‌നയില്‍ നടക്കുന്ന പരിപാടിയില്‍ മോദി 75 ലക്ഷം അര്‍ഹരായ സ്ത്രീകള്‍ക്ക് 10000 രൂപ വീതം ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഓഫീസ് വ്യക്തമാക്കി. മോദി നാളെ വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരിക്കും പരിപാടിയില്‍ പങ്കെടുക്കുക.
ഇതുവരെ സ്ത്രീകളില്‍ നിന്ന് 1.11 കോടി അപേക്ഷകള്‍ റൂറല്‍ വികസന വകുപ്പിലേക്കെത്തിയിട്ടുണ്ട്. ഗ്രാമീണ സ്ത്രീകള്‍ക്ക് തൊഴില്‍ അവസരം നല്‍കുകയും അതിലൂടെ സാമ്പത്തികമായി ശാക്തീകരണം ഉറപ്പാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ട്. സാമ്പത്തികമായി പിന്നാക്കമുള്ള സ്ത്രീകള്‍ക്കാണ് പദ്ധതിയില്‍ മുന്‍ഗണന.