സംസ്ഥാനത്ത് 25 ലക്ഷം വ്യാജ വോട്ടുകള്‍ രേഖപ്പെടുത്തി എന്നാണ് രാഹുലിന്റെ ആരോപണം. രണ്ട് കോടി വോട്ടര്‍മാരുള്ള ഹരിയാനയില്‍ ഏകദേശം 12 ശതമാനവും വ്യാജ വോട്ടര്‍മാരായിരുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി. എ ഐ സി സി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രാഹുലിന്റെ ആരോപണം.
കോണ്‍ഗ്രസിന്റെ വിജയത്തെ പരാജയമാക്കി മാറ്റാന്‍ 'വ്യവസ്ഥാപിതമായ കൃത്രിമത്വം' നടന്നിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. 'ഹരിയാനയില്‍ രണ്ട് കോടി വോട്ടര്‍മാരുണ്ട്, അതില്‍ 25 ലക്ഷം വ്യാജ വോട്ടര്‍മാരാണ്. എന്റെ സംഘം 5.21 ലക്ഷം ഡ്യൂപ്ലിക്കേറ്റ് വോട്ടര്‍ എന്‍ട്രികള്‍ കണ്ടെത്തി. അതായത് ഹരിയാനയിലെ ഓരോ എട്ട് വോട്ടര്‍മാരില്‍ ഒരാള്‍ വ്യാജനാണ്,' രാഹുല്‍ ഗാന്ധി പറഞ്ഞു.
വോട്ടര്‍ പട്ടികയിലെ പൊരുത്തക്കേടുകള്‍ കാണിക്കുന്ന സ്ലൈഡുകളും അദ്ദേഹം പ്രദര്‍ശിപ്പിച്ചു. സീമ, സ്വീറ്റി, സരസ്വതി എന്നിങ്ങനെ വ്യത്യസ്ത പേരുകളില്‍ 22 തവണ വോട്ട് ചെയ്തതായി ആരോപിക്കപ്പെടുന്ന ഒരു ബ്രസീലിയന്‍ മോഡലിന്റെ ഫോട്ടോ വോട്ടര്‍ പട്ടികയില്‍ ഒന്നിലധികം തവണ പ്രത്യക്ഷപ്പെട്ടതായി രാഹുല്‍ ചൂണ്ടിക്കാട്ടി. ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാന്‍ ബിജെപി ഒരു ഓപ്പറേഷന്‍ ആസൂത്രണം ചെയ്തതായി രാഹുല്‍ ഗാന്ധി ആരോപിച്ചു.
'ആരാണ് ഈ സ്ത്രീ? അവരുടെ പേരെന്താണ്? അവര്‍ എവിടെ നിന്നാണ് വരുന്നത്? പക്ഷേ അവര്‍ ഹരിയാനയിലെ 10 വ്യത്യസ്ത ബൂത്തുകളില്‍ 22 തവണ വോട്ട് ചെയ്തിട്ടുണ്ട്, കൂടാതെ സീമ, സ്വീറ്റി, സരസ്വതി, രശ്മി, വില്‍മ... എന്നിങ്ങനെ ഒന്നിലധികം പേരുകള്‍ അവര്‍ക്കുണ്ട്. പക്ഷേ അവര്‍ യഥാര്‍ത്ഥത്തില്‍ ഒരു ബ്രസീലിയന്‍ മോഡലാണെന്ന് തെളിഞ്ഞു,' അദ്ദേഹം ആരോപിച്ചു.
എല്ലാ എക്‌സിറ്റ് പോളുകളും ഹരിയാനയില്‍ കോണ്‍ഗ്രസ് വിജയത്തിലേക്ക് വിരല്‍ ചൂണ്ടുന്നിയിരുന്നു. ഹരിയാനയുടെ ചരിത്രത്തില്‍ ആദ്യമായി, പോസ്റ്റല്‍ ബാലറ്റുകള്‍ യഥാര്‍ത്ഥ വോട്ടുകളുമായി പൊരുത്തപ്പെട്ടില്ല. ഇത് മുമ്ബ് ഒരിക്കലും സംഭവിച്ചിട്ടില്ല. കോണ്‍ഗ്രസിന്റെ വന്‍ വിജയത്തെ പരാജയമാക്കി മാറ്റാന്‍ ഒരു പദ്ധതി ആവിഷ്‌കരിച്ചു, അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലും ഹരിയാനയിലും ആയിരക്കണക്കിന് ബിജെപി പ്രവര്‍ത്തകരും നേതാക്കളും വോട്ടര്‍ പട്ടികയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
'പല്‍വാള്‍ ജില്ലാ പരിഷത്തിന്റെ വൈസ് ചെയര്‍മാനായ 150-ാം നമ്ബര്‍ വീട്ടില്‍ താമസിക്കുന്ന ഒരു ബിജെപി നേതാവിന് 66 വോട്ടര്‍മാരുണ്ട്. ഒരാളുടെ വീട്ടില്‍ 500 വോട്ടര്‍മാരുണ്ട്,' അദ്ദേഹം അവകാശപ്പെട്ടു. ബിജെപി നേതാവായ ദല്‍ചന്ദ് യുപിയിലും ഹരിയാനയിലും വോട്ട് ചെയ്യുന്നുണ്ട്. മഥുരയിലെ ബിജെപി സര്‍പഞ്ച് പ്രഹ്ലാദും അതുതന്നെ ചെയ്യുന്നു. എണ്ണം ആയിരക്കണക്കിന് ആണ്,' രാഹുല്‍ പറഞ്ഞു.
'വീട് നമ്ബര്‍ സീറോ' എന്ന് രേഖപ്പെടുത്തിയിരിക്കുന്ന വിലാസങ്ങള്‍ ഉള്‍പ്പെടുന്ന ക്രമക്കേടുകളും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. 'വീട് നമ്ബര്‍ സീറോ എന്ന് അടയാളപ്പെടുത്തിയ പുരുഷന്മാരെ അവരുടെ വീടുകളില്‍ യഥാര്‍ത്ഥത്തില്‍ താമസിക്കുന്നതായി ഞങ്ങള്‍ കണ്ടെത്തി. ഞങ്ങള്‍ അതെല്ലാം ക്രോസ് ചെക്ക് ചെയ്തു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഇന്ത്യയിലെ ജനങ്ങളോട് കള്ളം പറയുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
സ്ഥിരീകരിച്ച ഡാറ്റയുടെ പിന്തുണയോടെയാണ് താന്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും തിരഞ്ഞെടുപ്പ് കമ്മീഷനെ മാത്രമല്ല, ജനാധിപത്യ പ്രക്രിയയെത്തന്നെയും ചോദ്യം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് ബോഡിയും ബിജെപിയും ഒത്തുകളിയിലാണെന്ന ആരോപണവും അദ്ദേഹം ആവര്‍ത്തിച്ചു. വ്യാജവോട്ടുകള്‍ എന്തുകൊണ്ടാണ് കമ്മീഷന്‍ നീക്കം ചെയ്യാത്തത് എന്നും അദ്ദേഹം ചോദിച്ചു.
'അവര്‍ അങ്ങനെ ചെയ്താല്‍, അത് നീതിയുക്തമായ തിരഞ്ഞെടുപ്പുകള്‍ക്ക് കാരണമാകും. എന്നാല്‍ നീതിയുക്തമായ വോട്ടെടുപ്പുകള്‍ നടത്താന്‍ കമ്മീഷന്‍ ആഗ്രഹിക്കുന്നില്ല. ബിജെപി എന്താണ് ചെയ്യുന്നതെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അവരെ സഹായിക്കുന്നുണ്ടെന്നതിനും ഇത് വ്യക്തമായ തെളിവാണ്.' രാഹുല്‍ പറഞ്ഞു.















































































