കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് രശ്മി രാജ് മരിച്ച സംഭവത്തിൽ ഹോട്ടൽ ഉടമ കാസർഗോഡ് സ്വദേശി ലത്തീഫിനെ ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തു. ബാംഗ്ലൂരിന് അടുത്ത് കമ്മനഹള്ളിയിൽ നിന്നും ആണ് ഇയാൾ പിടിയിലായത്. നേരത്തെ ഒളിവിൽ പോയ ഹോട്ടലിലെ ചീഫ് കുക്ക് സിറാജുദ്ദീനെ പിടികൂടിയിരുന്നു. നഴ്സ് രശ്മിയുടെ മരണകാരണം ആന്തരികാവയവങ്ങളിലെ അണുബാധ മൂലമെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം സ്ഥിരീകരിച്ചിരുന്നു. ഏതു തരത്തിലുള്ള അണുബാധയെന്ന് സ്ഥിരീകരിക്കാൻ രാസപരിശോധന ഫലം നിർണായകമെന്ന് പൊലീസ് പറഞ്ഞു. 2021 ലും ഹോട്ടലിനെതിരെ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപടി എടുത്തിരുന്നു. എന്നാൽ 8000 രൂപ പിഴ അടക്കാൻ നോട്ടീസ് നൽകിയിട്ടും ഹോട്ടൽ അധികൃതർ പിഴ ഒടുക്കാൻ തയ്യാറായില്ല. ഡിസംബർ 29 ന് ആണ് മെഡിക്കൽ കോളജിലെ നേഴ്സായ രശ്മി അൽഫാം പാഴ്സൽ വാങ്ങി കഴിച്ചത്.













































































