പയ്യോളി: പഴകിയതും പൂപ്പല്‍ ബാധിച്ചതുമായ ബ്രഡും റസ്ക്കും തുടങ്ങിയ ഭക്ഷണസാധനങ്ങള്‍ ഉപയോഗിച്ച് പലഹാരങ്ങള്‍ നിർമ്മിച്ചു വിറ്റ സ്ഥാപനം ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടിച്ചു.
പയ്യോളി ഐ.പി.സി റോഡില്‍ പ്രവർത്തിക്കുന്ന 'ഷെറിൻ ഫുഡ്സ്' എന്ന സ്ഥാപനത്തിനെതിരെയാണ് അധികൃതർ കർശന നടപടിയെടുത്തത്.
കാലിത്തീറ്റ നിർമ്മാണത്തിനെന്ന വ്യാജേനയാണ് വിവിധ ബേക്കറികളില്‍ നിന്നും കടകളില്‍ നിന്നും കാലാവധി കഴിഞ്ഞ ബ്രഡ്, ചപ്പാത്തി, ബണ്‍, റസ്ക് എന്നിവ ഇവർ ശേഖരിച്ചിരുന്നത്. എന്നാല്‍ ശേഖരിക്കുന്ന ഈ അവശിഷ്ടങ്ങള്‍ ഉപയോഗിച്ച് കട്ലറ്റ്, എണ്ണക്കടികള്‍, മറ്റ് ഫാസ്റ്റ് ഫുഡ് ഇനങ്ങള്‍ എന്നിവ നിർമ്മിച്ച് വിപണിയില്‍ എത്തിക്കുകയായിരുന്നു എന്ന് പരിശോധനയില്‍ വ്യക്തമായി. ഭക്ഷ്യസുരക്ഷാ വകുപ്പിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ക്രമക്കേട് പുറത്തുവന്നത്. 3000 കിലോ പൂത്ത ബ്രഡ് ക്രംസ്, 500 കിലോ പഴകിയ ചപ്പാത്തി എന്നിവ സ്ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ നിന്ന് പിടിച്ചെടുത്തു.
"കാലിത്തീറ്റയ്ക്ക് നല്‍കാനാണെന്ന് പറഞ്ഞാണ് ഇവർ കടകളില്‍ നിന്നും മറ്റും പാഴായ ഭക്ഷണസാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങിയിരുന്നത്. ഇവ വീണ്ടും സംസ്കരിച്ച് കട്ലറ്റും മറ്റുമായി മാറ്റുന്നത് വലിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും എന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.
പിടിച്ചെടുത്ത സാധനങ്ങളുടെ സാമ്പിളുകള്‍ ലാബ് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. പരിശോധനാ ഫലം വരുന്ന മുറയ്ക്ക് സ്ഥാപന ഉടമയ്ക്കെതിരെ ക്രിമിനല്‍ കേസടക്കമുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കും.
സംശയാസ്പദമായ രീതിയില്‍ ഭക്ഷ്യവസ്തുക്കള്‍ നിർമ്മിക്കുന്നതോ വിതരണം ചെയ്യുന്നതോ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷാ വകുപ്പിനെ നേരിട്ട് അറിയിക്കാവുന്നതാണ്. പരാതി നല്‍കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും അധികൃതർ അറിയിച്ചു.














































































