തിരു.: പ്രവർത്തകരെ എസ്എഫ്ഐക്കാർ മർദ്ദിച്ചെന്ന് ആരോപിച്ച് കെഎസ് യു പ്രതിഷേധിച്ചതിന് പിന്നാലെ കേരള സർവകലാശാല കലോത്സവ വേദിയിൽ എസ്എഫ്ഐ, കെ.എസ്.യു. സംഘർഷം. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.
ഗവ. ലോ കോളജ് വിദ്യാർത്ഥികളായ നിതിൻ തമ്പി, റൂബൻ എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇതോടെ കെ.എസ്.യു പ്രതിഷേധവുമായെത്തി. യൂണിവേഴ്സിറ്റി സെനറ്റ് ഹാളിലെ കലോത്സവത്തിന്റെ പ്രധാനവേദിയിൽ കയറി കെ.എസ്.യു. പ്രവർത്തകർ പ്രതിഷേധിച്ചു. മത്സരത്തിന് തടസ്സം നേരിട്ടതോടെ മത്സരാർത്ഥികൾ പ്രതിഷേധത്തിനെതിരെ രംഗത്തെത്തിയതോടെ സെനറ്റ് ഹാളിൽ വാക്കേറ്റമുണ്ടായി. പിന്നാലെ മത്സരങ്ങൾ പുന:രാരംഭിച്ചു. വേദിക്ക് മുന്നിൽ കുത്തിയിരുന്നുകൊണ്ടായിരുന്നു കെ.എസ്.യു പ്രതിഷേധം. പൊലീസുമായി വാക്കേറ്റം നടന്നു. തുടർന്ന് വേദിക്കുള്ളിൽ നിന്ന് പ്രതിഷേധക്കാരെ പുറത്തേക്ക് മാറ്റി. പ്രതിഷേധം കനത്തതോടെ കെ.എസ്.യു. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.