ന്യൂഡൽഹി:കോൺഗ്രസിലെ പരിഷ്കരണവാദികൾ ആയ ജി23യിൽ പെട്ട നേതാവായിരുന്നു കപിൽ സിബൽ. കോൺഗ്രസ് നേതൃത്വത്തിനെതിരെ പലപ്പോഴും പരസ്യമായി തന്നെ അദ്ദേഹം കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച നടന്ന കോൺഗ്രസിന്റെ ചിന്തൻ ശിബിരത്തിലും കപിൽ സിബൽ പങ്കെടുത്തിരുന്നില്ല. കഴിഞ്ഞ മെയ് 16ന് കോൺഗ്രസിൽ നിന്ന് താൻ രാജി വച്ചുവെന്ന് കപിൽ സിബൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
രാജ്യസഭയിൽ സ്വതന്ത്ര ശബ്ദമാകാനാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്ന് കപിൽ സിബൽ വ്യക്തമാക്കി. ബിജെപിക്കെതിരായ പോരാട്ടം മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. ചിന്തൻ ശിബിരത്തിന് ശേഷം കോൺഗ്രസിൽ നിന്ന് രാജി വയ്ക്കുന്ന മൂന്നാമത്തെ നേതാവാണ് കപിൽ സിബൽ. നിലവിൽ കോൺഗ്രസിന്റെ രാജ്യസഭാ അംഗമാണ് കപിൽ സിബൽ. ജൂലൈയിൽ അദ്ദേഹത്തിന്റെ കാലാവധി പൂർത്തിയാകും.