കോഴിക്കോട്∙ വാഹനപരിശോധനയ്ക്കിടെ പൊലീസിനു നേരെ യുവാക്കളുടെ ആക്രമണം. നടക്കാവ് പൊലീസ് സ്റ്റേഷനിലെ മൂന്നു പൊലീസുകാർക്കു പരുക്കേറ്റു. പുലർച്ചെ രണ്ടു മണിയോടെ അരയിടത്ത് പാലത്തിനും എരഞ്ഞോളിക്കും ഇടയിലാണു സംഭവം. നൈറ്റ് പട്രോളിങ് നടത്തുന്നതിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ കാർ നിർത്തിയിട്ടതു കണ്ടാണ് പൊലീസ് യുവാക്കളെ ചോദ്യം ചെയ്തത്. ഇതിനിടെ പൊലീസിനെ ആക്രമിക്കുകയായിരുന്നു.
എഎസ്ഐ സിജിത്ത്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ നവീൻ, രതീഷ് എന്നിവർക്കാണു പരുക്കേറ്റത്. കാറിന്റെ താക്കോൽ കൊണ്ടുള്ള ആക്രമണത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ചെവിക്കു സാരമായി പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികൾ ഓടി രക്ഷപ്പെട്ടു. കാർ പൊലീസ് പിടിച്ചെടുത്തു. പ്രതികളെ തിരിച്ചറിഞ്ഞുവെന്നും അന്വേഷണം നടക്കുന്നുവെന്നും പൊലീസ് പറഞ്ഞു. ലഹരി മാഫിയയുമായി ബന്ധമുള്ളവരാണ് ആക്രമണം നടത്തിയതെന്നാണു വിവരം.