*ഉമ തോമസ് എം.എല്‍.എ സ്റ്റേജില്‍ നിന്ന് വീണ് പരിക്കേറ്റ സംഭവത്തില്‍ 'മൃദംഗനാഥം' പരിപാടിയുടെ ഇവന്റ് മാനേജരെ പോലീസ് കസ്റ്റഡിയിലെടുത്തു.*
ഉമ തോമസ് എം എൽ എക്ക് അപകടമുണ്ടായ കലൂരിലെ പരിപാടിയിൽ സുരക്ഷാവീഴ്ച ഉണ്ടായതായി മന്ത്രി സജി ചെറിയാൻ.
ഉയരമുള്ള വേദിക്ക് ബാരിക്കേഡ് കെട്ടേണ്ടതായിരുന്നു.
തൻ്റെ ഗൺമാൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.
സങ്കടകരമായ അപകടമാണ് എം എൽ എയ്ക്ക് ഉണ്ടായത്.
എട്ടു മിനിറ്റ് കൊണ്ട് പരിപാടി അവസാനിപ്പിച്ചു.
ബാക്കി പരിപാടികൾ നടത്തിയില്ല.
ഇത്ര വലിയ അപകടമാണെന്ന് തിരിച്ചറിഞ്ഞുമില്ലെന്ന് സജി ചെറിയാൻ.
ഓസ്‌കാര്‍ ഇവന്റ്‌സിന്റെ മാനേജര്‍ കൃഷ്ണകുമാറിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അപകടകരമായ രീതിയിലാണ് ഓസ്‌കാര്‍ ഇവന്റ്‌സ് നൃത്തപരിപാടിയ്ക്കുള്ള സ്റ്റേജ് നിര്‍മ്മിച്ചതെന്ന് പോലീസിന്റെ പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. കൃഷ്ണകുമാര്‍ തന്നെയാണ് ഉമ തോമസ് എം.എല്‍.എയെ പരിപാടിയിലേയ്ക്ക് ക്ഷണിച്ചത്. കൃത്യമായ ബാരിക്കേഡ് സജ്ജീകരിക്കാതെയും മുന്‍വശത്ത് ഒരാള്‍ക്ക് നടന്നുപോകുവാന്‍ പോലും സ്ഥലമില്ലാത്ത രീതിയിലുമാണ് സ്‌റ്റേജ് ക്രമീകരിച്ചിരുന്നത്. അതാണ് അപകടത്തിലേക്ക് നയിച്ചത്. കൃഷ്ണകുമാറുമായി കലൂര്‍ സ്റ്റേഡിയത്തില്‍ പോലീസ് തെളിവെടുപ്പ് നടത്തുകയാണ്. പി.ഡബ്ല്യൂ.ഡിയെക്കൊണ്ട് പരിശോധിപ്പിച്ച് ശാസ്ത്രീയവശങ്ങളും മനസിലാക്കിയാണ് പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്.