ഇലന്തൂർ നരബലി കേസിൽ പ്രതികളെ ഇന്ന് കുറ്റപത്രം വായിച്ചു കേൾപ്പിക്കും. ഒന്നാംപ്രതി മുഹമ്മദ് ഷാഫി, രണ്ടാം പ്രതി ഭഗവത് സിംഗ്, മൂന്നാം പ്രതി ലൈല എന്നിവരെ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നേരിട്ട് എത്തിക്കും. തമിഴ്നാട് സ്വദേശി പത്മത്തെ കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രം ആണ് പ്രതികളെ വായിച്ചു കേൾപ്പിക്കുന്നത്. കൂടുതൽ പേരെ നരബലിക്ക് ഇരയാക്കാൻ നീക്കം നടത്തിയതായി കുറ്റപത്രത്തിൽ ഉണ്ട്. നരബലി ആണ് നടന്നതെന്നും പ്രതികൾ നരഭോജനം നടത്തിയതിനാലും, കേസ് അപൂർവങ്ങളിൽ അപൂർവ്വം എന്നാണ് കുറ്റപത്രം. ദൃക്സാക്ഷികൾ ഇല്ലാത്ത കേസിൽ സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിൽ 1600 പേജുള്ള കുറ്റപത്രം ആണ് അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചത്.
