കൊച്ചി: 2026-നെ വരവേല്‍ക്കാന്‍ ആവേശത്തിലായിരിക്കുന്ന കൊച്ചി നഗരത്തില്‍ ലഹരി വിതരണത്തിനെത്തിയ സംഘത്തെ പിടികൂടി ഡാന്‍സാഫ്.
കടവന്ത്രയില്‍ 8 ഗ്രാം കൊക്കെയ്‌നുമായാണ് നോര്‍ത്ത് പറവൂര്‍ സ്വദേശി ഡെയ്സണ്‍ ജോസഫിനെ (49) പോലീസ് പൊക്കിയത്. ലഹരി മരുന്ന് എത്തിച്ചു നല്‍കിയ 'ചോക്ലേറ്റ് ബിനു'വിനായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.
ഗ്രാമിന് 13,000 രൂപയ്ക്കാണ് ഡെയ്സണ്‍ കൊക്കെയ്ന്‍ വിറ്റിരുന്നത്. ഇതില്‍ 1000 രൂപ ഡെയ്സണ്‍ കമ്മീഷനായി എടുക്കും. ബാക്കി തുക ലഹരി എത്തിക്കുന്ന ബിനുവിന് നല്‍കും. ക്രിസ്മസ് ദിനത്തില്‍ ബിനു വന്‍തോതില്‍ ലഹരി വില്‍പ്പന നടത്തിയെന്നാണ് പിടിയിലായ ഡെയ്സണ്‍ പോലീസിനോട് വെളിപ്പെടുത്തിയത്.
കൊച്ചി സിറ്റി പോലീസിന്റെ ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സായ ഡാന്‍സാഫ് -4 ആണ് ഡെയ്‌സണെ പിടി കൂടിയത്. നിലവില്‍ കടവന്ത്രയില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ഇയാള്‍. ചൊവ്വാഴ്ച ഉച്ചയോടുകൂടിയാണ് ഡാന്‍സാഫ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. കടവന്ത്ര ദേവി ക്ഷേത്രത്തിന് സമീപം വെച്ച് ഇരുചക്ര വാഹനത്തില്‍ കൊക്കെയ്ന്‍ വില്‍പനയ്ക്കായി എത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്നാണ് പോലീസ് പരിശോധന നടത്തിയത്. ക്ഷേത്രത്തിന് സമീപം വെച്ച് ഇയാളെ തടഞ്ഞുവെച്ച് ദേഹപരിശോധന നടത്തിയപ്പോള്‍ ഇയാളുടെ പക്കല്‍ നിന്നും 8 ഗ്രാം കൊക്കെയ്ന്‍ കണ്ടെത്തുകയായിരുന്നു.
ഡാന്‍സാഫ് സംഘം പിടികൂടിയ പ്രതിയെയും തൊണ്ടിമുതലും കൂടുതല്‍ നിയമനടപടികള്‍ക്കായി എറണാകുളം സൗത്ത് പോലീസിന് കൈമാറി. ഇയാള്‍ക്ക് ലഹരിമരുന്ന് നല്‍കിയ ചോക്ലേറ്റ് ബിനുവിനേയും പ്രതി ചേര്‍ത്തിട്ടുണ്ട്.















































































