സർവകലാശാലകളിൽ അമിത ഇടപെടലുകൾ നടത്തുന്ന ഗവർണർ രാജേന്ദ്ര ആർലേക്കറിന്റെ നയങ്ങൾക്കെതിരെ പ്രതികരിച്ചുകൊണ്ട് യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥികൾ രംഗത്ത്. ഉന്നത വിദ്യാഭ്യസമേഖല വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സംസ്ഥാനമാണ് കേരളം. അതിനെ നശിപ്പിക്കാനുള്ള നീക്കമാണ് ഗവർണർ നടത്തിക്കൊണ്ടിരിക്കുന്നത്. കേരള സർവകലാശാല ഒരു ഭരണഘടനാ സ്ഥാപനമാണ്. ഭരണഘടനാമൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു സ്ഥാപനമാണ്. ഏതെങ്കിലും ഗവർണറുടെ സ്വാർത്ഥ താല്പര്യങ്ങൾ അനുസരിച്ച് വി സി മാരെ നിയമിക്കാനും, കാവിവൽക്കരണം നടത്താനും കഴിയില്ല.
എസ് എഫ് ഐയെ സംബന്ധിച്ചിടത്തോളം ഭയന്നുപിന്മാറുന്ന ചരിത്രം നാളിതുവരെ ഉണ്ടായിട്ടില്ല. സർവകലാശാലയിൽ ഭരണസ്തംഭനമാണ് നടന്നുകൊണ്ടിരിക്കുന്നത്. അതിനെതിരെ ശക്തമായ സമരവുമായി മുന്നോട്ട് പോവുമെന്നും വിദ്യാർത്ഥികൾ പ്രതികരിച്ചു.
വിദ്യാർത്ഥികളുടെ പ്രതികരണങ്ങളുടെ പ്രസക്ത ഭാഗങ്ങൾ.
ഗവർണറുടെ വിദ്യഭ്യസമേഖലയിലെ കടന്നുകയറ്റത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായമെന്താണ്?
ഉന്നതവിദ്യാഭ്യസ മേഖലയ്ക്ക് ഏറ്റവും വലിയ സംവിധാനമുള്ള ഒരു സംസ്ഥാനമാണ് കേരളം. ആ കേരളത്തിനകത്ത് കേരള സർവ്വകലാശാലയെ ചിന്നഭിന്നമാക്കുന്ന രീതിയിലുള്ള നയങ്ങളും നിലപാടുകളും സ്വീകരിച്ചുകൊണ്ടാണ് ഗവർണർ ചാൻസിലർ എന്ന പദവി ഉപയോഗിച്ചുകൊണ്ട് സർവ്വകലാശാലയ്ക്കകത്ത് പ്രവർത്തിച്ചുവരുന്നത്. എല്ലാം വിദ്യാർത്ഥി വിരുദ്ധമായ നിലപാടുകളാണ് എടുക്കുന്നത്. ഓരോ ഘട്ടത്തിലും വിദ്യാർത്ഥികൾ ഓരോ ആവിശ്യങ്ങളുമായി സർവ്വകലാശാലയിലേക്ക് സമരങ്ങളുമായി ചെല്ലുമ്പോൾ അവരുമായി ഒന്ന് സംസാരിക്കാനോ, ചർച്ച ചെയ്യാനോ, അവരെ കേൾക്കാൻ പോലുമോ തയ്യാറാവാതെ, ആർ എസ് എസ് നയമെന്താണോ അത് നടപ്പിലാക്കുന്ന ആർ എസ് എസ് കമ്മിറ്റി പ്രവർത്തകൻ എങ്ങനെയാണോ പ്രവർത്തിക്കുന്നത് അതുപോലെയാണ് ഗവർണർ അടക്കമുള്ള ആളുകൾ നിൽക്കുന്നത്.
ഗവർണറുടെ നോമിനിമാരായ വി സി മാരെ എങ്ങനെ നേരിടണമെന്നാണ് അഭിപ്രായം?
കേരള സർവകലാശാല ഒരു ഭരണഘടനാ സ്ഥാപനമാണ്. ഭരണഘടനമൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു സ്ഥാപനമാണ്. ഏതെങ്കിലും ഗവർണറുടെ സ്വാർത്ഥ താല്പര്യങ്ങൾ അനുസരിച്ച് വി സി മാരെ നിയമിക്കാനും, കാവിവൽക്കരണം നടത്താനും കഴിയില്ല. വി സി മാരെ സ്വന്തം ഇഷ്ടപ്രകാരം നിയമിച്ച് സിൻഡിക്കേറ്റിന് ഒരു വിലയും കൊടുക്കാതിരിക്കുകയാണ് ഗവർണർ ചെയ്യുന്നത്. സിൻഡിക്കേറ്റാണ് യഥാർത്ഥത്തിൽ വി സി മാരെയും രജിസ്ട്രാർമാരെയും നിയമിക്കേണ്ടതും അനുബന്ധ നടപടികൾ സ്വീകരിക്കേണ്ടതും. പക്ഷെ ഗവർണർ ഏകാധിപത്യ ഭരണമാണ് കൈക്കൊള്ളുന്നത്. ഗവർണറുടെ ഇത്തരം ജനാധിപത്യ നിലപാടുകൾക്കെതിരെ, എന്നും എസ് എഫ് ഐ ജനാധിപത്യപരമായ സമരങ്ങളും പ്രതിഷേധങ്ങളും ഏറ്റെടുത്ത്, ജനാധിപത്യപരമായി തന്നെ ഗവർണറെയും വി സി മാരെയും നേരിടും എന്നാണ് പറയാനുള്ളത്.
എല്ലാക്കാലവും എല്ലാ അധികാരികൾക്കെതിരെയും എസ് എഫ് ഐ വിദ്യാർത്ഥികൾക്കൊപ്പം നിന്നുകൊണ്ട് ഏറ്റവും വലിയ ജനാധിപത്യ രീതിയിലാണ് സമരങ്ങൾ ഏറ്റെടുക്കാറുള്ളത്. അത് ആ രീതിയിൽ തന്നെ തുടരും. അല്ലാതെ വി സി യെ പൊതിരെ തല്ലാനോ മറ്റെന്തെങ്കിലും രീതിയിൽ അപായപ്പെടാനോ മുതിരില്ല, ഇതുവരെ മുതിർന്നിട്ടുമില്ല. വിദ്യാർത്ഥികളെ ആകെ അണിനിരത്തികൊണ്ട് ജനാധിപത്യപരമായി എസ് എഫ് ഐ സമരം മുന്നോട്ട് കൊണ്ടുപോകാനാണ് തീരുമാനിച്ചിട്ടുള്ളത്. അതുകൊണ്ടാണ് വിദ്യാർത്ഥികൾ എസ് എഫ് ഐയോടൊപ്പം നിൽക്കുന്നത്.
നാല് വർഷ ഡിഗ്രി പ്രോഗ്രാമിന്റെ (FYUGP) ഫീസിന്റെ കാര്യത്തിൽ, അതുപോലെ പരീക്ഷകൾ എഴുതണമെങ്കിൽ വലിയ തുക ആവശ്യമായി വരുന്നുണ്ട്. അതുപോലെ ഇമ്പ്രൂവ്മെന്റ്/ സപ്ലിമെന്ററി പരീക്ഷയുടെ കാര്യത്തിലും കനത്ത ഫീസാണ് ഈടാക്കിക്കൊണ്ടിരിക്കുന്നത്. സാധാരണക്കാരായ വിദ്യാർത്ഥികൾ പഠിക്കുന്ന സർവകലാശാലയിൽ ഇത്ര വലിയ തുക ബാധ്യത ആവുന്ന സാഹചര്യമാണുള്ളത്. ഈ വിഷയത്തിൽ നടപടിയുണ്ടാവണം.
എസ് എഫ് ഐ സമരം ചെറുക്കുന്നതിനായി കേന്ദ്ര സേനയെ ഇറക്കുമെന്നുള്ള പ്രതികരണങ്ങൾ എങ്ങനെയാണു നോക്കിക്കാണുന്നത്? എസ് എഫ് ഐ എങ്ങനെയാണു ഈ നീക്കത്തെ ചെറുക്കൻ ഉദ്ദേശിക്കുന്നത്?
എസ് എഫ് ഐ എന്ന വിദ്യാർത്ഥി പ്രസ്ഥാനം ഏറ്റവുമധികം പ്രതിഷേധങ്ങളെയും പ്രക്ഷോഭങ്ങളെയുമൊക്കെ നേരിട്ടിട്ടുള്ളതും നയിച്ചിട്ടുള്ളതുമായ പ്രസ്ഥാനമാണ്. ഏതെങ്കിലും പോലീസിനെ കണ്ടിട്ടോ, പട്ടാളത്തെ കണ്ടിട്ടോ കേന്ദ്രസേനയെ കണ്ടിട്ടോ, ഭരണകൂടത്തിന്റെ ഏതെങ്കിലും മർദ്ദന ഉപാധികളെ കടന്നിട്ടോ ഭയന്നുപിന്മാറുന്ന ചരിത്രം നാളിതുവരെ ഉണ്ടായിട്ടില്ല. ഭരണകൂടത്തിന്റെയും പോലീസിന്റെയും മർദ്ദനങ്ങൾ ഏറ്റവും കൂടുതൽ ഏറ്റുവാങ്ങിയിട്ടുള്ള രാജ്യത്തെ ഏറ്റവും വലിയ വിദ്യാർത്ഥി പ്രസ്ഥാനം, അത് എസ് എഫ് ഐ മാത്രമാണ്. നിലപാടുകൾ ഉയർത്തിപ്പിടിച്ചുകൊണ്ടാണ് എസ് എഫ് ഐ ഓരോ ഘട്ടത്തിലും സമരങ്ങളും പ്രക്ഷോഭങ്ങളും നയിച്ചിട്ടുള്ളത്. അത് സർവകലാശാല വിഷയത്തിൽ ആണെങ്കിൽ പോലും. ഏറ്റവുമധികം സർവകലാശാല മാർച്ചുകൾ, ഭാരതാംബ വിഷയത്തിൽ രാജ്ഭവൻ മാർച്ചുൾപ്പെടെ എസ് എഫ് ഐക്ക് നടത്താൻ കഴിഞ്ഞിട്ടുണ്ട്. ആ മാർച്ചുകൾ ഉൾപ്പെടെ പോലീസ് നേരിട്ടത് വളരെ ക്രൂരമായിട്ടാണ്. ഇടക്കൊരു സർവകലാശാല മാർച്ച് നടന്നതിൽ മുപ്പതോളം സഖാക്കൾ റിമാന്റിലാവുന്ന സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്. അവർ അഞ്ച് ദിവസത്തോളം ജയിൽ കിടന്ന ശേഷമാണ് പുറത്തിറങ്ങിയത്. ആ ഘട്ടത്തിലൊക്കെ തന്നെയും ജലപീരങ്കികൾക്കുമുന്നിലും ലാത്തിചാർജുകൾക്കിടയിലും വലിയ രീതിയിലുള്ള മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ടാണ് മുന്നോട്ട് പോയത്. 18 ഉം 19 ഉം വയസുള്ള നിരവധി സഖാക്കൾ, ജയിലിൽ കിടന്നിട്ടുള്ള സഖാക്കളുടെ നിലപാട് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇനിയും ശക്തമായ സമരങ്ങൾക്ക് അവരുൾപ്പെടെയുള്ള സഖാക്കൾ നേതൃത്വം കൊടുക്കുമെന്നുതന്നെയാണ് എസ് എഫ് ഐയുടെ ഭാഗമായിട്ട് പറയാനുള്ളത്.
എം.എസ്.എഫ്-കെ.എസ്.യു. വിദ്യാർത്ഥി സംഘടനകൾ സർവകലാശാല വിഷയങ്ങളിൽ സമരം ചെയ്യുന്നതായി തോന്നുന്നുണ്ടോ?
സർവകലാശാലയിൽ നിലവിൽ വളരെ വലിയൊരു ഭരണസ്തംഭനം നടക്കുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. ഇത്തരമൊരു ഭരണ സ്തംഭനം നടക്കുമ്പോൾ പോലും കെ.എസ്.യു വിനേയോ, എം.എസ്.എഫിനെയോ ഈ ഘട്ടങ്ങളിലോട്ടും തന്നെ കാണാൻ കഴിയുന്നില്ല. ഇവിടങ്ങളിലെല്ലാം വിദ്യാർത്ഥികൾക്ക് വേണ്ടി ശബ്ദമുയർത്തുന്നത് എസ്.എഫ്.ഐ എന്ന വിദ്യാർത്ഥി പ്രസ്ഥാനമാണ്. പ്രക്ഷോഭങ്ങളെ എങ്ങനെ ഇല്ലാതാക്കാം എന്നുള്ള നിലപാടാണ് കെ.എസ്.യു സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. അതിനെയൊക്കെ വിദ്യാർത്ഥികൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയും. വൈസ് ചാൻസിലറുടെയും ഗവർണറുടെയും നേതൃത്വത്തിൽ നടത്തുന്ന ഈ ഭരണസ്തംഭനത്തിനെതിരെ വിദ്യാർത്ഥികൾ ശക്തമായി രംഗത് വരിക തന്നെ ചെയ്യും.
ഗവർണറുടെ കേരള അജണ്ട എന്താണെന്നാണ് കരുതുന്നത്?
കേരളത്തിൽ ഗവർണർ നിരന്തരമായി സംഘപരിവാർ അജണ്ടയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സംഘപരിവാറിന്റെ ഒരു ഏജന്റായി ഗവർണർ പ്രവർത്തിക്കുകയാണ്. രാജ്യത്ത്, വിദ്യാഭ്യസമേഖലയെ കാവിവൽക്കരിക്കുന്നതിനു വേണ്ടി നിരന്തരമായ ശ്രമം രാജ്യം ഭരിക്കുന്ന ഭരണകൂടം നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായി എൻ സി ഇ ആർ ടി പാഠപുസ്തകങ്ങൾക്കകത്തെ ശാസ്ത്രത്തെയും ചരിത്രത്തെയും തിരുത്തി എഴുതാൻ വേണ്ടി ശ്രമിച്ചു. ഇപ്പൊ ഉന്നത വിദ്യാഭ്യസ മേഖലയെ ലക്ഷ്യം വെച്ചിരിക്കുകയാണ്. ഉന്നത വിദ്യാഭ്യസമേഖലയിൽ ഇടപെടുന്നതിനായി ചാൻസിലർമാരായ ഗവർണർമാരെ ഉപയോഗപ്പെടുത്തുകയാണ്. അതിന്റെ ഭാഗമായി വി സി മാരെ ഗവർണർ തന്നെ നിയമിക്കുകയാണ്. താത്കാലിക വി സി മാരെ നിയമിച്ചുകൊണ്ട് നമ്മുടെ സർവ്വകലാശാലക്കകത്തെ വിദ്യാഭ്യസത്തെ പൂർണമായും സംഘ്പരിവാരവൽക്കരിക്കുക എന്നുള്ള അജണ്ടയാണ് ഗവർണർ നടപ്പിലാക്കികൊണ്ടിരിക്കുന്നത് എന്നാണ് കാണാൻ വേണ്ടി കഴിയും. കേരള സർവ്വകലാശാലക്കകത്ത് മോഹനൻ കുന്നുമ്മൽ എന്ന വി സി സംഘപരിവാർ ഏജന്റായി പ്രവർത്തിക്കുകയാണ്. വിദ്യാർത്ഥികളുടെ 2500 ഓളം സെർട്ടിഫിക്കേറ്റുകൾ ഒപ്പിടാതെ കെട്ടിക്കിടക്കുകയാണ്. വിദ്യാർത്ഥികളുടെ അക്കാദമിക കാര്യങ്ങളിൽ ഇടപെടാതെ സംഘപരിവാർ അജണ്ട നടപ്പിലാക്കുന്നതിന് വേണ്ടി മാത്രം സർവകലാശാലയിൽ എത്തുന്ന വി സി ആയി മോഹനൻ കുന്നുമ്മൽ മാറുകയാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം കാലാകാലമായി എസ്.എഫ്.ഐ ഉയർത്തിക്കൊണ്ടുവരുന്നുണ്ട്. ആ പ്രതിഷേധം ഇന്നും തുടരുകയാണ്.