കഴിഞ്ഞ നൂറ്റാണ്ടിലെ പ്രതിഭാധനന്മാരായരായ ഇന്ത്യന്‍ നര്‍ത്തകരില്‍ ഒരാളായ. കഥകളിയുടെയും ഭാരതീയ നൃത്തകലയുടെയും യശസ്സ് നാടെങ്ങും പ്രചരിപ്പിച്ച കേരളീയ നടനകലയുടെ ആചാര്യനെന്ന് ആദരിക്കപ്പെടുന്ന ഗുരു ഗോപിനാഥ്. ആലപ്പുഴ കുട്ടനാട്ടില്‍ ചമ്പക്കുളത്ത് കൈപ്പളളി വീട്ടില്‍ ശങ്കരപ്പിളളയുടെയും മാധവിയമ്മയുടെയും മകനായി 1908 ജൂണ്‍ 24 ന് ജനിച്ച ചമ്പക്കുളം പെരുമാനൂർ ഗോപിനാഥൻ പിള്ളയെ ലോകം അറിയുന്നത് ഗുരു ഗോപിനാഥ് എന്ന പേരിലാണ്. കുട്ടിക്കാലത്ത് തന്നെ അദ്ദേഹത്തെ കഥകളി ഭ്രമം പിടികൂടി. 5-ാം ക്ലാസു വരെ മാത്രം സ്ക്കൂള്‍ പഠനം മതിയെന്ന് വച്ച അദ്ദേഹം പിന്നെ കഥകളിയുടെ തെക്കന്‍ചിട്ടയും വടക്കന്‍ചിട്ടയും സ്വായത്തമാക്കി. സാധാരണ കാര്‍ഷിക കുടുംബത്തില്‍ ജനിച്ച ചമ്പക്കുളം ഗോപിനാഥപിള്ള ഗുരു ഗോപിനാഥായി മാറിയത് സ്വന്തം പ്രയത്നം കൊണ്ടും സിദ്ധികൊണ്ടുമായിരുന്നു. സിദ്ധിയും സാധനയും ബുദ്ധിയും പ്രവൃത്തിയും അദ്ദേഹം ഏകോപിപ്പിച്ചു. ക്രാന്തദര്‍ശിത്വം, വ്യക്തിജീവിതത്തിന്‍റെ ശുദ്ധി, തികഞ്ഞ ഭക്തി, എളിമ, പൂര്‍ണത തേടിയുള്ള പ്രയത്നം അഭ്യാസത്തിലും അധ്യാപനത്തിലും പരിശീലനത്തിലും ഉള്ള നിഷ്ഠയും കണിശതയും അദ്ദേഹത്തിൻ്റെ ഗുണങ്ങളായിരുന്നു. ആരേയും ആകര്‍ഷിക്കുന്ന പെരുമാറ്റം ലളിതമായ ജീവിതം മാന്യമായിരുന്ന പ്രവൃത്തി കലാകാരന്മാര്‍ക്കുണ്ടാകാവുന്ന ദോഷങ്ങളൊന്നും അദ്ദേഹത്തെ ബാധിച്ചിരുന്നുമില്ല. ക്ഷേത്രങ്ങളുടേയും കൊട്ടാരങ്ങളുടേയും മതില്‍ക്കെട്ടിനകത്തു മാത്രമല്ല ഈ നൃത്തകലയെ എല്ലാവർക്കും മനസിലാകുന്ന രീതിയിൽ ജനകീയമാക്കുകയായിരുന്നു അദ്ദേഹത്തിന്‍റെ ലക്ഷ്യം.
കലാമണ്ഡലത്തില്‍ പരിശീലനത്തിനെത്തിയ ഗോപി സഹനര്‍ത്തകിയായിരുന്ന രാഗിണീ ദേവിയ്ക്കൊപ്പം ബോംബെയ്ക്ക് വണ്ടി കയറാന്‍ തീരുമാനിച്ചപ്പോള്‍, അത് കേരളീയ നടനകലയുടെ ജാതകം തിരുത്താനുളള നിയോഗമായി മാറുകയായിരുന്നു.
സ്വന്തം കഴിവുകള്‍ തിരിച്ചറിഞ്ഞ് നിശിതമായ സാധനയോടെ അതിനെ വളര്‍ത്താന്‍ കഠിനാധ്വാനം ചെയ്ത കലാകാരനായിരുന്ന അദ്ദേഹത്തിന്റെ അര്‍പ്പണബോധവും രാഗിണീദേവിയുടെ നവ്യമായ ആശയങ്ങളും ചേര്‍ന്നപ്പോള്‍ കഥകളിനൃത്തം എന്ന പുതിയൊരു കലാരൂപം തന്നെ ജന്മമെടുത്തു.
കളിക്കാനും കാണാനും ഏറെ അറിവ് വേണ്ട കലാരൂപമാണ് കഥകളി. അലസമായ ആസ്വാദനങ്ങള്‍ക്ക് വഴങ്ങുന്നതല്ല അതിന്റെ ഗരിമ. പുലരും വരെ നീളുന്നതാണ് കഥകളി. അതും മൂന്നു ദിവസം. കഠിന പരിശീലനം ലഭിച്ച ആസ്വാദകര്‍ മാത്രമേ ഈ മൂന്നുദിവസവും പുലരുവോളം കഥകളി കാണാനിരിക്കൂ. തീര്‍ത്തും ശുഷ്കമായിരിക്കും സദസെന്നര്‍ത്ഥം.
അതുകൊണ്ടാണ് ആധുനിക തീയേറ്റര്‍ സങ്കല്‍പത്തിന് ചേര്‍ന്ന നിലയില്‍ ഈ കലാരൂപത്തിന്റെ ഘടന പൊളിച്ചെഴുതണം എന്ന ആശയം രാഗിണീദേവിയുടെ തലച്ചോറില്‍ മിന്നിയത്. രണ്ടോ മൂന്നോ മണിക്കൂര്‍ നീളുന്ന നൃത്തരൂപമായി കഥകളിയുടെ ഘടന പൊളിച്ചെഴുതാന്‍ ഉത്സാഹിച്ചത് ഗുരു ഗോപിനാഥാണ്. അങ്ങനെയാണ് ഇന്ന് കേരള നടനം എന്ന പേരില്‍ പ്രശസ്തമായ കഥകളി നൃത്തം രൂപമെടുത്തത്.
കഥകളിയെ ഗുരുഗോപിനാഥ് തിരുത്തുകയോ പരിഷ്കരിക്കുകയോ ചെയ്തില്ല. പരമ്പരാഗതമായി നിലനിന്ന ചില ചിട്ടവട്ടങ്ങള്‍ ഒന്നു പൊളിച്ചെഴുതി, ശാസ്ത്രീയമായ ഒരു ചട്ടക്കൂടൊരുക്കുകയാണ് അദ്ദേഹം ചെയ്തത്. ആംഗിക ഭാവങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയാണ് കേരള നടനം ഗുരു ചിട്ടപ്പെടുത്തിയത്. സവര്‍ണ വരേണ്യകലയെന്ന് മുദ്രകുത്തി കഥകളിയെ അവഗണിക്കാനും തിരസ്കരിക്കാനും ശ്രമം നടന്ന കാലത്ത്, ഇന്ത്യയൊട്ടുക്ക് ഗുരു ഗോപിനാഥിന്റെ നേതൃത്വത്തില്‍ നടന്ന കലാപര്യടനമാണ് കഥകളിയെ വിശ്വപ്രശസ്തമാക്കിയത്. കേരളത്തിന്റെ തനത് കലാരൂപമെന്ന ഖ്യാതി കഥകളിക്ക് കൈവന്നതില്‍ കാരണം ഗുരുഗോപിനാഥിന്റെ ഭാരതപര്യടനമായിരുന്നുവെന്ന് നിസംശയം പറയാം. ആര്‍ട്ടിസ്റ്റ് പി ജെ ചെറിയാനുമായി ചേര്‍ന്ന് ഗുരു ഗോപിനാഥ് സംവിധാനം ചെയ്ത ക്രൈസ്തവ പ്രമേയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ശ്രീയേശുനാഥ വിജയം, മഗ്ദലനമറിയം, ദിവ്യനാദം എന്നിവ അക്കാലത്തെ ധീരമായ പരീക്ഷണങ്ങളായിരുന്നു.
1956 ലെ കേരളപിറവിക്ക് തിരുവിതാംകൂര്‍ കൊച്ചി മലബാര്‍ എന്നിവയുടെ ലയനം വിഷയമാക്കി തയാറാക്കിയ നൃത്തശില്‍പ്പവും ശ്രദ്ധേയമായിരുന്നു. സാമൂഹികവും ചരിത്രപരവുമായ വിഷയങ്ങളും സന്ദേശങ്ങളും കൈകാര്യം ചെയ്യുന്ന ചണ്ഡാല ഭിക്ഷുകി, ചീതയും തമ്പുരാട്ടിയും, ഭാരതസ്തീകള്‍ തന്‍ ഭാവശുദ്ധി എന്നിങ്ങനെ ഒട്ടേറെ നൃത്തങ്ങള്‍ അദ്ദേഹം ഒരുക്കി. കഥകളിയില്‍ ഒരുക്കിയ മഹാഭാരതം ബാലേ ആയിരുന്നു മറ്റൊരു ധീരമായ പരീക്ഷണം. മഹാഭാരതത്തിനും നാരായണീയം, രാമായണം എന്നീ ബാലേകള്‍ക്കുമെല്ലാം ദക്ഷിണാമൂര്‍ത്തിയെ പോലുള്ള പ്രഗത്ഭരായിരുന്നു സംഗീത സംവിധാനം നിര്‍വഹിച്ചിരുന്നത്. കലാമണ്ഡലം തുടങ്ങിയപ്പോള്‍ അവിടെ മോഹിനിയാട്ടം പഠിക്കാനെത്തിയ തങ്കമണിയാണ് ഗുരു ഗോപിനാഥിന്റെ ജീവിതസഖിയായത്. ഗോപിനാഥിന്റെ സഹനര്‍ത്തകിയായി എണ്ണമറ്റ വേദികളില്‍ പ്രത്യക്ഷപ്പെട്ട ഈ കഥകളി അധ്യാപികയ്ക്കും കേരള നടനം എന്ന നൃത്തരൂപത്തിന്റെ ഇന്നത്തെ സ്വീകാര്യതയില്‍ ശ്രദ്ധേയമായ പങ്കുണ്ട്.
അരങ്ങിനു പുറമേ സിനിമാഭിനയത്തിലും ഒരു കൈ നോക്കിയിട്ടുണ്ട്, ഗുരു ഗോപിനാഥ്. മലയാള സിനിമയുടെ ചരിത്രമെഴുതുമ്പോള്‍ ഈ പേര് ആര്‍ക്കും വിസ്മരിക്കാനാവില്ല. മലയാളത്തിലെ മൂന്നാമത്തെ സിനിമയായ പ്രഹ്ലാദനില്‍ ഇവരിരുവരുമായിരുന്നു പ്രധാന അഭിനേതാക്കള്‍- ഹിരണ്യാസുരനും ഭാര്യ കയാതുവും. ഭാര്യാഭര്‍ത്തക്കന്മാരായി സിനിമയില്‍ അഭിനയിച്ച് ആദ്യ ദമ്പതിമാരും ഒരു പക്ഷേ ഗുരുജിയും തങ്കമണി അമ്മയും ആയിരിക്കാം. ഏറെ പ്രശസ്തമായ ജീവിതനൗകയില്‍ യേശുക്രിസ്തുവായി അഭിനയിച്ചതും വേറെയാരുമല്ല.
ഒരിക്കലും മങ്ങാത്ത അക്ഷരങ്ങളാല്‍ തന്റെ പേര് കൈരളിയുടെ കലാചരിത്രത്തിൽ എഴുതിച്ചേര്‍ത്താണ് 79-ാ-മത്തെ വയസില്‍ അരങ്ങില്‍ നിന്ന് കാലത്തിന്റെ അണിയറയിലേയ്ക്ക് ഗുരു ഗോപിനാഥ് മടങ്ങിയത്. അദ്ദേഹത്തിൻ്റെ രാമായണം ബാലെ അവതരിപ്പിക്കാത്ത സ്ഥലങ്ങൾ കേരളത്തില്‍ ഉണ്ടാവില്ല എന്നു പറയുന്നത് അതിശയോക്തിയല്ല. 1987 ഒക്റ്റോബര്‍ 9 ന് എറണാകുളം ഫൈന്‍ ആര്‍ട്‌സ് ഹാളില്‍ ഈ ബാലെയിൽ ദശരഥന്‍റെ വേഷത്തിൽ അഭിനയിക്കുന്നതിനിടെ അദ്ദേഹം വിട പറഞ്ഞത്. നടന്റെ ചായവും ചമയവുമണിഞ്ഞ് ആയിരങ്ങള്‍ നോക്കിയിരിക്കെ ഒരു ചരിത്രപുരുഷന് ചേരുന്ന അന്ത്യം.