കൊച്ചി: പെറ്റിക്കേസ് പിഴയില്‍ തട്ടിപ്പ് നടത്തി സിപിഒ. മൂവാറ്റുപുഴ ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റിലെ ശാന്തി കൃഷ്ണനാണ് തട്ടിപ്പ് നടത്തിയത്. ബാങ്ക് രസീതിലും ക്യാഷ് ബുക്കിലും കൃത്രിമം നടത്തിയായിരുന്നു തട്ടിപ്പ്. നാല് വര്‍ഷം കൊണ്ട് 16 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ശാന്തി കൃഷ്ണനെ എറണാകുളം റൂറല്‍ എസ്പി സസ്‌പെന്‍ഡ് ചെയ്തു.
ഡിഐജി ഓഫീസില്‍ നിന്ന് സാധാരണ രീതിയില്‍ നടക്കുന്ന ഓഡിറ്റ് നടന്നപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നത്. 2018-2022 കാലയളവിലാണ് തട്ടിപ്പ് നടത്തിയത്. പിഴ ഈടാക്കുന്ന തുക കുറച്ച് കാണിച്ചു കൊണ്ടുള്ള തട്ടിപ്പാണ് നടന്നത്. സംഭവത്തില്‍ മൂവാറ്റുപുഴ പൊലീസ് കേസെടുത്തിട്ടുണ്ട്. ശാന്തി കൃഷ്ണ സ്ഥലം മാറിപ്പോയതിന് പിന്നാലെയാണ് ഓഡിറ്റ് നടക്കുന്നതും തട്ടിപ്പ് വിവരം പുറത്തറിഞ്ഞതും.