ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ നാഗ്പൂരിൽ എത്തിയ കേരള താരം നിദ ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ്. ഇടത് എംപി എ എം ആരിഫ് ആണ് ലോക്സഭയിൽ നോട്ടീസ് നൽകിയത്. ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്നും നാഗ്പൂരിൽ എത്തിയ നിദ ഇന്നലെയാണ് മരിച്ചത്. നിദ ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് കോടതിയലക്ഷ്യ ഹർജി നൽകാൻ ഹൈക്കോടതി അനുമതി നൽകി. കോടതി ഉത്തരവുമായി എത്തിയ താരങ്ങൾക്ക് വെള്ളവും ഭക്ഷണവും ലഭിച്ചിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകർ കോടതിയലക്ഷ്യ ഹർജി നൽകാൻ അനുമതി തേടിയത്. അനുമതി ലഭിച്ചതോടെ ഹർജി ജസ്റ്റിസ് വിജി അരുൺ ഉച്ചയ്ക്ക് പരിഗണിക്കും.
