പ്രതി കൊല്ലം ദളവാപുരം സ്വദേശിയായ ജോൺസൺ ഔസേപ്പിനെ ചിങ്ങവനത്തു കുറിച്ചിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
ഇവിടെ ഒരു വീട്ടിൽ ഹോം നഴ്സായി ജോലി ചെയ്തുവരുകയായിരുന്നു. പോലിസ് പിടിക്കുമെന്ന് ഉറപ്പായപ്പോൾ വിഷം കഴിച്ച ശേഷം ഇവിടെ നിന്നും രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു. ഇയ്യാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊല്ലപ്പെട്ട ആതിരയുടെ ഇൻസ്റ്റഗ്രാം സുഹൃത്താണ്. ഇയാൾ
കൊല്ലം സ്വദേശിയാണെങ്കിലും ഭാര്യയുടെ നാടായ എറണാകുളത്തെ ചെല്ലാനത്താണു താമസം. 5 വർഷം മുൻപു വിവാഹമോചനം നേടിയിരുന്നു.
കൊലപാതകത്തിന് 5 ദിവസം മുൻപു പെരുമാതുറയിലെ ലോഡ്‌ജിൽ മുറിയെടുത്തു താമസിച്ച പ്രതി, സംഭവത്തിനുശേഷം മുറിയൊഴിഞ്ഞു. ആതിരയുടെ സ്ക്‌കൂട്ടറിലാണ് ഇയാൾ കടന്നുകളഞ്ഞത്. പിന്നീട് ചിറയിൻകീഴ് റെയിൽവേ സ്‌റ്റേഷനിൽ എത്തിയ പ്രതി ട്രെയിനിൽ കയറി സംസ്ഥാനത്തിനു പുറത്തേക്കു കടന്നു എന്നായിരുന്നു ആദ്യ നിഗമനം.
7 മാസം മുൻപ് ജോൺസനെ കുറിച്ച് ആതിര പറഞ്ഞിരുന്നതായി ഭർത്താവ് രാജേഷ് പൊലീസിനോടു വെളിപ്പെടുത്തി. കഴിഞ്ഞദിവസം രാവിലെ പതിനൊന്നരയോടെയാണ്, കായംകുളം സ്വദേശിയായ ആതിരയെ ഭർതൃവീട്ടിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ അഞ്ചരയോടെ അമ്പലത്തിൽ പൂജയ്ക്കു പോയ രാജേഷ് മടങ്ങിയെത്തിയപ്പോഴായിരുന്നു സംഭവം.