പത്തനംതിട്ട: പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പുറത്തിറക്കി. വൈദ്യപരിശോധനയ്ക്കെത്തിച്ച രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധം കനത്തതോടെ ആശുപത്രിയില്‍ നിന്ന് പുറത്തിറക്കാനാവാത്ത സ്ഥിതിയിലായിരുന്നു പൊലീസ്.
എന്നാല്‍ കൂടുതല്‍ പൊലീസെത്തി രാഹുലിനെ കൊണ്ടുപോവുകയായിരുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷം കഴിഞ്ഞ ഒരു മണിക്കൂറായി ആശുപത്രിയില്‍ തുടരുകയായിരുന്നു രാഹുലും പൊലീസും. ആശുപത്രിയുടെ രണ്ടു ഗേറ്റുകളിലൂടെയും രാഹുലിനെ പുറത്തിറക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും നടന്നില്ല. ആശുപത്രി വളപ്പില്‍ ഡിവൈഎഫ്‌ഐ, യുവമോർച്ച പ്രവർത്തകർ തമ്പടിച്ചുനിന്നതാണ് പൊലീസിനെ പ്രതിസന്ധിയിലാക്കിയത്. അതേസമയം, രാഹുലിനെ മജിസ്ട്രേറ്റിൻ്റെ വീട്ടിലെത്തിച്ചു. റിമാന്റ് ചെയ്യുകയാണെങ്കില്‍ കൊട്ടാരക്കര ജയിലിലേക്കായിരിക്കും രാഹുലിനെ കൊണ്ടുപോവുക.
മൂന്നാമത്തെ ബലാത്സംഗ പരാതിയില്‍ രാഹുലിനെ അറസ്റ്റ് ചെയ്ത് വൈദ്യപരിശോധനക്കായി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ചെത്തിയത്. ഇന്നലെ അർദ്ധരാത്രി പാലക്കാട് നിന്നും കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എആർ ക്യാംപിലെത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ രാഹുലിനെ ആറര മണിക്കൂർ ചോദ്യം ചെയ്തതിന് ശേഷമാണ് വൈദ്യപരിശോധനക്കായി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. രാഹുലിനെ പുറത്തിറക്കാൻ കഴിയാത്ത വിധത്തില്‍ വാഹനം വളഞ്ഞാണ് പ്രതിഷേധക്കാര്‍ സംഘടിച്ചെത്തിയത്. സമരക്കാര്‍ രാഹുലിനെ കൂവിവിളിച്ചു. തുടർന്ന് ആശുപത്രി വളപ്പില്‍ തമ്പടിച്ചു. ഇതോടെ പുറത്തിറക്കാനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നു.
ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍ എന്നീ ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. രാഹുല്‍ ഒരു സ്ഥിരം കുറ്റവാളി (ഹാബിച്ചല്‍ ഒഫൻഡർ) ആണെന്നടക്കമുള്ള ഗുരുതര പരാമർശമടക്കം അറസ്റ്റ് റിപ്പോർട്ടിലുണ്ട്. കേസ് എടുക്കുന്നതിന് മുൻപുതന്നെ പ്രതി പരാതിക്കാരിയെ നേരിട്ട് ഭീഷണിപ്പെടുത്തിയെന്നും, എംഎല്‍എ എന്ന അധികാരം ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കാനും പരാതിക്കാരിയെ സൈബർ ആക്രമണങ്ങളിലൂടെ മാനസിക സമ്മർദ്ദത്തിലാക്കാനും സാധ്യതയുണ്ടെന്നും പൊലീസ് വിവരിച്ചിട്ടുണ്ട്. നേരത്തയുള്ള കേസില്‍ പത്ത് ദിവസത്തോളം ഒളിവില്‍ പോയി നിയമത്തെ വെല്ലുവിളിച്ചയാളാണ് പ്രതി. നിലവില്‍ പരാതിക്കാരിയുടെ ജീവന് തന്നെ രാഹുല്‍ ഭീഷണിയാണെന്നും അവരുടെ സ്വകാര്യ വിവരങ്ങള്‍ വെളിപ്പെടുത്തി മാനസിക സമ്മർദ്ദത്തിലാക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിലുണ്ട്.















































































