ഭോപ്പാൽ: മാതാപിതാക്കൾ കാട്ടിൽ ഉപേക്ഷിച്ച ചോരക്കുഞ്ഞിന് അത്ഭുത രക്ഷ. മൂന്ന് ദിവസം മാത്രം പ്രായമായ കുഞ്ഞാണ് ഒരു രാത്രി മുഴുവൻ കാട്ടിൽ കഴിഞ്ഞിട്ടും അത്ഭുതകരമായി രക്ഷപ്പെട്ടത്. ഗ്രാമീണർ അവന്‍റെ കരച്ചിൽ കേട്ട് ഓടിയെത്തും മുൻപ് തണുപ്പും, പ്രാണികളുടെ കടിയുമെല്ലാം ആ കുഞ്ഞ് ഒരു രാത്രി മുഴുവൻ സഹിച്ചു. രക്തം പുരണ്ട, വിറയ്ക്കുന്ന കുഞ്ഞ് എല്ലാ പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ചാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. മധ്യപ്രദേശിലെ ചിന്ദ്‌വാരയിലാണ് സംഭവം.
കുഞ്ഞിന്‍റെ അച്ഛൻ ബബ്ലു ദണ്ഡോലിയ സർക്കാർ സ്കൂളിലെ അദ്ധ്യാപകനാണെന്ന് പൊലീസ് പറഞ്ഞു. അമ്മയുടെ പേര് രാജ്കുമാരി ദണ്ഡോലിയ എന്നാണ്. നാലാമത്തെ കുഞ്ഞിനെയാണ് ദമ്പതികൾ കാട്ടിൽ ഉപേക്ഷിച്ചത്. മധ്യപ്രദേശിൽ മക്കളുടെ എണ്ണം കൂടിയാൽ സർക്കാർ ജോലിയിൽ നിയന്ത്രണങ്ങളുണ്ട്. ജോലി നഷ്ടപ്പെടുമോയെന്ന് ഭയന്ന് ദമ്പതികൾ ഗർഭധാരണം രഹസ്യമാക്കി വെച്ചു. ദമ്പതികൾക്ക് വേറെ മൂന്ന് മക്കൾ കൂടിയുണ്ട്.
സെപ്റ്റംബർ 23-ന് അതിരാവിലെ രാജ്കുമാരി വീട്ടിൽ വെച്ച് പ്രസവിച്ചു. മണിക്കൂറുകൾക്കകം കുഞ്ഞിനെ കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നന്ദൻവാടി ഗ്രാമത്തിലെ പ്രഭാത സവാരിക്കാരാണ് ആദ്യം കരച്ചിൽ കേട്ടത്. ഏതെങ്കിലും മൃഗമായിരിക്കും എന്നാണ് ആദ്യം കരുതിയതെന്ന് ഗ്രാമീണൻ പറഞ്ഞു. പക്ഷേ അടുത്തേക്ക് ചെന്നപ്പോൾ കല്ലിനടിയിൽ കുഞ്ഞു കൈകൾ പിടയുന്നത് കണ്ടെന്ന് ഗ്രാമീണർ പറഞ്ഞു. ഒരു രക്ഷിതാവും ഇങ്ങനെ ചെയ്യരുതെന്നും ഗ്രാമീണർ പ്രതികരിച്ചു.
കുഞ്ഞിനെ ഉറുമ്പ് കടിച്ച പാടുകളും താപനില കുറഞ്ഞതിന്‍റെ (ഹൈപ്പോതെർമിയ) ലക്ഷണങ്ങളും ഉണ്ടെന്ന് ചിന്ദ്‌വാര ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു. അവൻ ഇതൊക്കെ അതിജീവിച്ചതിനെ അത്ഭുതം എന്നേ വിശേഷിപ്പിക്കാനാവൂ എന്ന് ശിശുരോഗ വിദഗ്ദ്ധൻ പറഞ്ഞു. കുഞ്ഞ് നിലവിൽ അപകടനില തരണം ചെയ്തെന്നും ഡോക്ടർമാർ അറിയിച്ചു.
കുട്ടിയെ ഉപേക്ഷിച്ചതിന് ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 93 പ്രകാരം ദമ്പതികൾക്കെതിരെ പൊലീസ് കേസെടുത്തു. നിയമോപദേശം ലഭിച്ച ശേഷം ബിഎൻഎസ് 109 (കൊലപാതക ശ്രമം) ഉൾപ്പെടെയുള്ള കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും പൊലീസ് അറിയിച്ചു. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻസിആർബി) യുടെ കണക്ക് പ്രകാരം, ഇന്ത്യയിൽ ഏറ്റവും കൂടുതൽ നവജാതശിശുക്കൾ ഉപേക്ഷിക്കപ്പെടുന്നത് മധ്യപ്രദേശിലാണ്.