നാളെ വൈകിട്ട് 3.50ന് പാലാ സെൻ്റ് തോമസ് കോളജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ ആണ് രാഷ്ട്രപതി എത്തിച്ചേരുന്നത്. കോളജിന്റെ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനത്തിനു ശേഷം, ജൂബിലി സ്മാരകമായി നിർമിക്കുന്ന പുതിയ ബ്ലോക്കിൻ്റെ ശിലാഫലകവും രാഷ്ട്രപതി അനാഛാദനം ചെയ്യും. ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് രാഷ്ട്രപതിക്ക് ഉപഹാരം സമ്മാനിക്കും. പ്രത്യേക ക്ഷണം ലഭിച്ച 800 പേർ പങ്കെടുക്കും.
പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടിൽനിന്ന് നാളെ വൈകിട്ട് 5.10 ന് ഹെലികോപ്റ്ററിൽ കോട്ടയത്തേക്ക് എത്തുന്ന രാഷ്ട്രപതി കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ ഇറങ്ങും. അവിടെനിന്ന് ലോഗോസ് ജംക്ഷൻ, ശാസ്ത്രി റോഡ്, കുര്യൻ ഉതുപ്പ് റോഡ്, സീസേഴ്സ് ജംക്ഷൻ, ബേക്കർ ജംക്‌ഷൻ വഴി കോട്ടയം - കുമരകം റോഡിൽ എത്തും. ഈ വഴി നേരേ കുമരകം താജ് ഹോട്ടലിൽ എത്തും. 24ന് ഇതേ വഴി തന്നെ കുമരകത്തുനിന്ന് തിരികെ പൊലീസ് പരേഡ് ഗ്രൗണ്ടിൽ എത്തും. 11ന് പൊലീസ് പരേഡ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ കൊച്ചിക്ക് പോകും.
പ്രതിഭാ പാട്ടീലാണ് കുമരകത്ത് എത്തിയ ആദ്യ രാഷ്ട്രപതി. 2010 ഓഗസ്‌റ്റ് 11നാണ് പ്രതിഭാ പാട്ടീൽ കുടുംബ സമേതം എത്തിയത്. രാജ്യത്തിന്റെ രണ്ട് വനിതാ രാഷ്ട്രപതിമാരും എത്തിയ ഇടം എന്നതു കുമരകത്തിൻ്റെ പെരുമയേറ്റും. ജി - 20 ഉദ്യോഗസ്‌ഥ തല സമ്മേളനം നടന്നപ്പോൾ വിവിധ രാജ്യങ്ങളുടെ പ്രതിനിധികൾ കുമരകത്ത് എത്തിയിരുന്നു.












































































